ഇന്ധനവില ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. നൂറിലേക്ക് കുതിക്കുന്ന പെട്രോൾ വില വർധനവിനെതിരേ പല രസകരമായ സമരങ്ങളും അരങ്ങേറിട്ടുണ്ട്.
വിവാഹസമ്മാനമായി പെട്രോൾ നൽകിയ സംഭവം വാർത്തകളിൽ ഇടംനേടിയിരുന്നു. ഒടുവിൽ ക്രിക്കറ്റ് കളിയിൽ സമ്മാനമായി പെട്രോൾ നൽകിയ സംഭവമാണ് വൈറലാകുന്നത്.
ക്രിക്കറ്റ് ടൂർണമെന്റിൽ ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചിന് 5 ലിറ്റർ പെട്രോൾ സമ്മാനമായി നൽകിയിരിക്കുകയാണ് സംഘാടകർ. ഭോപ്പാലിലാണ് സംഭവം.
ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ സലാഹുദ്ദീൻ അബ്ബാസി എന്ന താരമാണ് മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഭോപ്പാലിലെ കോൺഗ്രസ് നേതാവ് മനോജ് ശുക്ലയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ ഒരു പെട്രോൾ പമ്പ്, തെറ്റ് കൂടാതെ തിരുക്കുറൾ വായിക്കുന്ന കുട്ടികൾക്ക് ഒരു ലിറ്റർ പെട്രോൾ സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
തിരുവള്ളൂവർ ദിനത്തോടനുബന്ധിച്ച് ജനുവരി 16നായിരുന്നു ഓഫർ പ്രഖ്യാപിച്ചിരുന്നത്.
പെട്രോൾ പമ്പിന് മുന്നിൽ ബാറ്റും ഹെൽമറ്റുമായി നിൽക്കുന്ന ഒരാളുടെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പതിവുപോലെ പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്.