പനാജി: ഗോവന്‍ ബീച്ചുകളിലെ മയക്കുമരുന്നൊഴുകുന്ന നിശാപാര്‍ട്ടികള്‍ അവസാനിപ്പിക്കാന്‍ നിശ്ചയിച്ചുറപ്പിച്ച് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപാരവും അര്‍ധരാത്രിയിലെ പാര്‍ട്ടികളും അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പോലീസിനു കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
വിനോദസഞ്ചാരത്തിന്റെ മറവില്‍ മയക്കുമരുന്നു വില്‍ക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവമാണ്. ഇതിന് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിശാപാര്‍ട്ടികളും അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ആക്രമിക്കള്ക്കെതിരേ കര്‍ശന നടപടികളെടുക്കുമെന്നും ഗോവന്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ജോലിയില്‍ അലസത കാണിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പണി കിട്ടും. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിഷ്ക്രിയരാണെന്ന് അറിയാമെന്നും എട്ടു ദിവസത്തിനുള്ളില്‍ അതു തിരുത്തിയില്ലെങ്കില്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും പരീക്കര്‍ വ്യക്തമാക്കി.
ദേശീയപാതയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗതത്തിന് പ്രശ്നമുണ്ടാക്കാത്ത പ്രാദേശിക പച്ചക്കച്ചറി കടകളെ ഒഴിപ്പിക്കില്ല. മാര്‍ച്ച് 24ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നും പരീക്കര്‍ പറഞ്ഞു. ജനങ്ങളുടെ പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ട് ബജറ്റ് തയ്യാറാക്കിയത്. വളരെ കുറച്ച് സമയാണ് ബജറ്റ് തയ്യാറാക്കാനായി ലഭിച്ചത്. അതിനാല്‍ നിരവധി കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകില്ല. പക്ഷെ ബജറ്റില്‍ നയപരമായ ചില തീരുമാനങ്ങള്‍ ഉണ്ടാകും. ജനങ്ങളെ ദ്രോഹിക്കാതെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതാകും ബജറ്റെന്നും പരീക്കര്‍ പറഞ്ഞു. മാര്‍ച്ച് പതിനാലിനാണ് പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 40 അംഗ സഭയില്‍ 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി നേടിയത് 13 സീറ്റും. എന്നാല്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിച്ച ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ആഭ്യന്തരം, ധനകാര്യം, വിദ്യാഭ്യാസം എന്നീ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്. കാബിനറ്റില്‍ ഉള്ളത് ഒമ്പത് മന്ത്രിമാരും. വാഗ്ദാനം പാലിക്കാന്‍ പരീക്കര്ക്കായാല് ഗോവയുടെ സാമൂഹികാന്തരിക്ഷത്തില് വലിയ മാറ്റങ്ങള്‍ക്കത് വഴിവയ്ക്കും.