ആലുവ: മറ്റൊരാളുടെ വാഹന നമ്പറിൽ വാഹന ലോൺ അനുവദിച്ചതിനെത്തുടർന്ന് വെട്ടിലായ ഇരുചക്രവാഹന ഉടമയ്ക്ക് രണ്ടര വർഷം കഴിഞ്ഞിട്ടും നീതിയില്ല. തൃപ്പൂണിത്തുറ മിൽമ ജീവനക്കാരനും ചോറ്റാനിക്കര സ്വദേശിയുമായ തലക്കോട് ചീറനാട്ടുപറമ്പിൽ മനോഹരനാണ് ആർസി ബുക്കിലെ നമ്പറും അനുബന്ധ രേഖകളിലെ നമ്പറും വ്യത്യസ്തമായതിനെത്തുടർന്ന് നെട്ടോട്ടമോടുന്നത്.
പ്രശ്നം പരിഹരിച്ച് തരാൻ ലോൺ നൽകിയ സ്ഥാപനമോ മോട്ടോർ വകുപ്പോ പോലീസോ തയാറാകുന്നില്ലെന്ന് എസ്പിക്ക് ഇന്നലെ പരാതി നൽകി കാത്തിരിക്കുകയാണ് വാഹന ഉടമ. വാഹനം വാങ്ങി ആറ് മാസം കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞത്. എന്നാൽ തെറ്റ് തിരുത്തി തരേണ്ടതിനു പകരം ഇപ്പോൾ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് എസ്പിക്കു നൽകിയ പരാതിയിൽ പറയുന്നു.
തിരുവാണിയൂരിലെ എൽഎംഎൽ (ഹീറോ) മോട്ടോഴ്സിൽനിന്നാണ് ഇരുചക്ര വാഹനം 2017 ഓഗസ്റ്റ് 10ന് വാങ്ങുന്നത്. കെഎൽ 39 എൽ 5718 എന്ന നമ്പറിലാണ് രജിസ്റ്റർ ചെയ്തത്. ആദ്യ ഗഡു 10,000 രൂപയും തവണ വ്യവസ്ഥയിൽ 36 മാസം 2,520 രൂപയും അടയ്ക്കാനുമാണ് ഹിന്ദുജ ഫിനാൻസ് എന്ന സ്ഥാപനവുമായി ധാരണയുണ്ടായത്. ബാങ്ക് ചെക്ക് ലീഫുകൾ ഒപ്പിട്ടു നൽകിയ പ്രകാരം രണ്ടു മാസം മോഹനന്റെ അക്കൗണ്ടിൽനിന്ന് 5,040 രൂപ സ്ഥാപനം പിൻവലിക്കുകയും ചെയ്തു.
എന്നാൽ ബാങ്ക് അക്കൗണ്ടിൽനിന്ന് തുക പിന്നീട് പിൻവലിക്കാനാകുന്നില്ലെന്ന് പറഞ്ഞതിനാൽ അഞ്ച് മാസത്തെ ഗഡു ഏജന്റിനു നേരിട്ട് നൽകി രസീത് വാങ്ങി.ഇതിനുശേഷം ലഭിച്ച ഫിനാൻസ് സ്റ്റേറ്റ്മെന്റിലാണ് വാഹന നമ്പർ തെറ്റായി രേഖപ്പെടുത്തിയതായി കണ്ടത്. എന്നാൽ വാരിയം റോഡിലുള്ള ഹിന്ദുജ ലേലാന്റ് ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനം ഇത് അംഗീകരിക്കാൻ തയാറാകുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പകരം ഭീഷണിപ്പെടുത്തി തുക അടപ്പിക്കാനാണ് ഇവരുടെ ശ്രമം.
രേഖകളിൽ നൽകിയിരിക്കുന്ന നമ്പറായ കെഎൽ 42 എൻ 3757 എന്നത് പറവൂർ ചേന്ദമംഗലം സ്വദേശിയുടെ പേരിലാണ് ഉള്ളത്. ആ വാഹന ഉടമയ്ക്ക് ഫിനാൻസ് കമ്പനിയുമായി ബന്ധമില്ലെന്നാണ് പറയുന്നത്. ചോറ്റാനിക്കര പോലീസ് സ്റ്റേഷനിൽ രണ്ട് തവണ, തൃപ്പൂണിത്തുറ ആർടിഒ, മൂവാറ്റുപുഴ ഡിവൈഎസ്പി എന്നിവർക്ക് പലപ്പോഴായി പരാതി നൽകിയെങ്കിലും ഫലമുണ്ടാകുന്നില്ലെന്ന് പരാതിക്കാരനായ സി.ഡി. മോഹനൻ പറയുന്നു.
പ്രസവ സമയത്ത് അനസ്തീഷ്യ നൽകിയതുമായി ബന്ധപ്പെട്ട് മോഹനന്റെ ഭാര്യ കിടപ്പിലാണ്. ചോറ്റാനിക്കര പോലീസും ആർടിഒയും കൈവിട്ട സ്ഥിതിക്ക് ആലുവ എസ്പി ഇടപെട്ട് നീതി നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് മോഹനൻ.