ഹൈദരാബാദ്: ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത മകളുടെ കൈ അച്ഛൻ വെട്ടിയെടുത്തു. ഹൈദരാബാദ് നഗരത്തിൽ വച്ചാണ് സംഭവം നടന്നത്.പ്രണയത്തിലായിരുന്ന മാധവിയും സന്ദീപും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിർപ്പുണ്ടായിരുന്നു.
പെണ്‍കുട്ടിയുടെ അച്ഛൻ മനോഹർ ചാരിയാണ് കൊലപാതക ശ്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഹൈദരാബാദിൽ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മാധവിയും സന്ദീപും ബൈക്ക് റോഡിന്റെ വശത്ത് പാർക്ക് ചെയ്ത് അതിലിരുന്ന് സംസാരിക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം മറ്റൊരു ബൈക്ക് വന്ന് ഇവരുടെ ബൈക്കിന് പിന്നിൽ നിർത്തുകയും ഹെൽമറ്റ് ധരിച്ച ഒരാൾ ഇറങ്ങുകയും ചെയ്തു.
തുടർന്ന് ബാഗിലുണ്ടായിരുന്ന അരിവാൾ എടുത്ത സന്ദീപിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിലത്ത് വീണ സന്ദീപിനു ശേഷം ഇയാൾ മാധവിയെയും വെട്ടി. തുടർന്ന് ആളുകൾ ഇടപെടാൻ ശ്രമിച്ചെങ്കിലും അരിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. രണ്ട് പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചു. സന്ദീപ് അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മാധവിയുടെ നില ഗുരുതരമായി തുടരുകയാണ്.
തെലുങ്കാനയിൽ മേൽജാതിക്കാരിയെ വിവാഹം ചെയ്തതിന്റെ പേരിൽ ദളിത് ക്രൈസ്തവനായ എൻജിനിയറെ കൊലപ്പെടുത്തിയ കേസിന്റെ ചൂടാറും മുന്‍പാണ് ഹൈദരാബാദിൽ നിന്നു വീണ്ടും ദുരഭിമാനക്കൊലപാതകശ്രമത്തിന്റെ വാർത്ത പുറത്തുവരുന്നത്. മകൾ ദളിത് ക്രൈസ്തവനെ വിവാഹം ചെയ്തതിനു പിതാവിന്റെ നിർദേശപ്രകാരം ക്വട്ടേഷൻ സംഘം യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.
നൽഗോണ്ട ജില്ലയിലെ മിർയാൽഗുഡയിലായിരുന്നു ഗർഭിണിയായ ഭാര്യക്കു മുന്നിൽ പെരുമല്ല പ്രണയ്കുമാറി(24)നെ കൊലപ്പെടുത്തിയത്. മിർയാൽഗുഡയിലെ ആശുപത്രിയിൽനിന്നു ഭാര്യ അമൃതവർഷിണി(21)ക്കൊപ്പം നടന്നുപോവുകയായിരുന്ന പ്രണയ്കുമാറിനെ വാടകക്കൊലയാളിയായ സുഭാഷ് ശർമയും സംഘവും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സെപ്റ്റംബർ 14നായിരുന്നു സംഭവം