കരുവാരകുണ്ട്: തെങ്ങുകയറ്റ തൊഴിലാളി പോലീസ് സ്റ്റേഷനിലെത്തി മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി മാതൃകയായി.കേരള എസ്റ്റേറ്റ് പുതിയകടയിലെ കുറുക്കൻ ചിറയിൽ മനോഹരനാണ് 3000 രൂപ പോലീസിനെ ഏല്പിച്ചത്.
ഏതാനും നാളുകളിലെ തന്റെ അധ്വാനത്തിൽ നിന്നു നീക്കിവച്ച വിഹിതമാണ് ഇദ്ദേഹം ദുരിതബാധിതർക്കായി സമർപ്പിച്ചത്. തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ എന്തു ചെയ്യണം എന്നറിയാത്തതിനാലാണ് ഇയാൾ സ്റ്റേഷനിലെത്തിയത്.
ട്രഷറിയിലോ ബാങ്കിലോ അടക്കണമെന്ന് പോലീസുകാർ പറഞ്ഞെങ്കിലും പോലീസ് തന്നെ തുക വാങ്ങണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിർബന്ധം.
സ്റ്റേഷൻ സിഐ എ.സജിത്തിന് തുക കൈമാറി. ഭാര്യയും രണ്ടു മക്കളുമുണ്ട് മനോഹരന്.