ഗോഹട്ടി തേയില ലേലകേന്ദ്രത്തിൽ (ജിടിഎസി) ഒരു കിലോ തേയിലപ്പൊടി വിറ്റത് 50,000 രൂപയ്ക്ക്. ദിബ്രുഗഡിലെ മനോഹരി ടീ എസ്റ്റേറ്റിൽനിന്നുള്ള പരന്പരാഗത തേയിലയിനത്തിൽനിന്നുള്ള മനോഹരി ഗോൾഡ് ടീ ആണ് റിക്കാർഡ് വിലയിൽ വിറ്റുപോയത്.
ഇതാദ്യമായാണ് ഇത്രയധികം വിലയ്ക്ക് തേയിലപ്പൊടി വിറ്റുപോകുന്നതെന്ന് ഗോഹട്ടി ടീ ഓക്ഷൻ ബയേഴ്സ് അസോസിയേഷൻ സെക്രട്ടറി ദിനേഷ് ബിയാനി അഭിപ്രായപ്പെട്ടു. ഗോഹട്ടിയിൽനിന്നുള്ള സൗരഭ് ടീ ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കിലോഗ്രാമിന് 50,000 രൂപ വിലയ്ക്കു തേയിലപ്പൊടി വാങ്ങിയത്. കന്പനി രണ്ടു കിലോഗ്രാം വാങ്ങുകയും ചെയ്തു.
ഉന്നത ഗുണനിലവാരമുള്ള തേയില ഉത്പാദിപ്പിക്കാനും അത് മികച്ച വിലയ്ക്ക് വില്ക്കാനുമുള്ള അവസരമാണ് ജിടിഎസി ഒരുക്കുന്നത്. പി-126 ഇനം തേയിലച്ചെടിയുടെ കൊളുന്തുകൾ മേയ്-ജൂൺ സീസണിൽ അതിരാവിലെ കൈകൊണ്ടു നുള്ളിയെടുത്ത് പ്രത്യേകം തയാറാക്കിയെടുക്കുന്നതാണ് മനോഹരി ഗോൾഡ് ടീ എന്ന് മനോഹരി ടീ എസ്റ്റേറ്റ് ഉടമ രാജൻ ലോഹിയ അവകാശപ്പെട്ടു.
ഈ തേയിലകൊണ്ട് ഉണ്ടാക്കുന്ന ചായയ്ക്ക് സ്വർണനിറമാണെന്നുള്ളതാണ് പ്രധാന പ്രത്യേകത. ഈ വർഷം കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാൽ അഞ്ചു കിലോഗ്രാം മാത്രമേ ലഭിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇതേ ഇനം തേയില കഴിഞ്ഞ വർഷം ലേലംകൊണ്ടത് 39,001 രൂപയ്ക്കാണ്.