തൃപ്പൂണിത്തുറ: തണ്ണീർച്ചാൽ പാർക്കിന് സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ കുടുക്കിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ടും സിസിടിവി ദൃശ്യങ്ങളും.
തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗറിൽ മൂർക്കനാട്ടിൽ മനോജാണ് (40) കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് തെളിഞ്ഞതിനെത്തുടർന്ന് 24 മണിക്കൂർ തികയും മുൻപാണ് പ്രതിയായ ഇരുമ്പനം പുതിയ റോഡിൽ ഇളമനതോപ്പിൽ വിഷ്ണു ടി. അശോകനെ(26) ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിന് രാത്രി ചിത്രപ്പുഴയിൽ വച്ച് നടന്ന സംഭവത്തിന് ദൃക്സാക്ഷികൾ ഇല്ലായിരുന്നെങ്കിലും സിസിടിവി കാമറ ദൃശ്യങ്ങൾ പോലീസിന്റെ ജോലി എളുപ്പമാക്കി.
പോലീസിന്റെ സംശയം ഉറപ്പിച്ച്പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മനോജ് വിവസ്ത്രനായി മരിച്ച് കിടന്ന രീതി പ്രഥമദൃഷ്ട്യാ സംശയമുളവാക്കുന്നതായിരുന്നെങ്കിലും ഒരു കൊലപാതകമാണെന്ന് ഉറപ്പാക്കാൻ സാധിക്കുമായിരുന്നില്ല.
എന്നാൽ പോലീസിനുണ്ടായ സംശയത്തെ തുടർന്ന് അന്നുതന്നെ സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ച് സംഭവ സമയത്തുണ്ടായ ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു.
ആ ദൃശ്യങ്ങളിൽ ഉൾപ്പെട്ടവരെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പെട്ടെന്നുള്ള അറസ്റ്റിലേക്കെത്തിച്ചത്.മരണം കൊലപാതകമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബുധനാഴ്ച കിട്ടിയ ഉടനെ തന്നെ ഇയാളെ പ്രതി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.വി. ബേബിയും സംഭവസ്ഥലം സന്ദർശിച്ചിരുന്നു.
പെൺകുട്ടിയോട് മോശമായിസംസാരിച്ചത് കൊലപാതകത്തിൽ കലാശിച്ചു
കളമശേരി മെഡിക്കൽ കോളജിലെ പോലീസ് സർജൻ ഡോക്ടർ ഉമേഷ് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
കഴിഞ്ഞ അഞ്ചിന് സന്ധ്യയോടെ വിഷ്ണുവും പ്രതിശ്രുത വധുവും വഴിയരികിൽ വർത്തമാനം പറഞ്ഞ് നിൽക്കുമ്പോൾ അത് വഴി മദ്യ ലഹരിയിൽ വന്ന മനോജ് പെൺകുട്ടിയോട് മോശമായി സംസാരിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതും കൊലയിലേയ്ക്കെത്തിയതും.
മനോജിന്റെ തൊണ്ടയിലേറ്റ ഇടിയാണ് മരണകാരണമായത്. തലയ്ക്ക് പിന്നിൽ വണ്ടിയുടെ താക്കോൽ കൂട്ടി ഇടിച്ചതും ആഘാതമായി. ചോദ്യം ചെയ്തപ്പോൾ തന്നെ പ്രതി കുറ്റമേറ്റ് പറഞ്ഞതിനെ തുടർന്ന് ഹിൽപാലസ് സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ കെ. അനില, ഓമനക്കുട്ടൻ, എഎസ്ഐ മാരായ സജീഷ്, എം.ജി. സന്തോഷ് , സന്തോഷ്, ഷാജി, സതീഷ്കുമാർ, സിപിഒ അനീഷ് തുടങ്ങിയവർ ഉണ്ടായിരുന്നു.