പയ്യോളി: സിപിഎമ്മിന്റെ കോഴിക്കോട് ജില്ല സമ്മേളനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ല കമ്മറ്റി അംഗം ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത് സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 2012-ല്‍ നടന്ന കൊലപതാക കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിട്ട് ഒരു വര്‍ഷമാവാറായി.
ഇതിനിടയില്‍ ചെറുതും വലുതുമായ നിരവധി സിപിഎം പ്രവര്‍ത്തകരെ സിബിഐ വടകരയിലും തിരുവനന്തപുരത്തും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ഉണ്ടാവില്ല എന്ന വിശ്വാസത്തിലായിരുന്നു നേതാക്കള്‍ .
പയ്യോളിയിലെ സിപിഎമ്മിന്റെഅഞ്ച് നേതാക്കളും തിക്കോടിയില്‍ നിന്ന് ഒരാളും മുചുകുന്നു സ്വദേശികളായ മൂന്ന് പേരുമടക്കം ഒന്‍പത് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം സംബന്ധിച്ച അവ്യക്തതക്ക് പുറമേ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സിബിഐക്ക് നീക്കം ഉണ്ടെന്ന വിവരം കൂടി പ്രചരിക്കുന്നുണ്ട്.
ഇന്ന് പാര്‍ട്ടിയുടെ പയ്യോളിയിലെ ലോക്കല്‍ കമ്മറ്റി അംഗമായ ഒരു നേതാവിനോട് വടകര സിബിഐ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം സ്വകാര്യ ആവശ്യത്തിനായി സ്ഥലത്തില്ലാത്താതിനാല് ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചതായാണ് വിവരം. അതേ സമയം അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സിപിഎം തീരുമാനം.
അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം രണ്ട് പേര് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമുള്ള സഹായങ്ങള്‍ നല്‍കാനായി ചിലരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ഇപ്പോള്‍ അറസ്റ്റിലായ നേതാക്കള്‍ക്കെതിരെ ചുമത്തിയത് ഗൂഡാലോചന അടക്കമുള്ള വകുപ്പുകളാണെന്നും അങ്ങിനെ വരുമ്പോള്‍ കൃത്യത്തില്‍ പങ്കെടുത്തവരെ ഉള്‍പ്പെടുത്തി വിപുലായ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കൂടുതല്‍ അറസ്റ്റ് നടക്കാനാണ് സാധ്യത.