സ്വന്തം ലേഖകന്‍
പയ്യോളി(കോഴിക്കോട്): ബിഎംഎസ് നേതാവ് മനോജിന്റെ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പയ്യോളിയിലെ നേതാക്കള്‍ കൂട്ടത്തോടെ ജയിലിലായത് പാര്‍ട്ടിയെ തള്ളിവിട്ടത് വന്‍ പ്രതിസന്ധിയിലേക്ക്. പയ്യോളി ഏരിയ, ലോക്കല്‍ കമ്മിറ്റികളിലെ ഏഴ് നേതാക്കളും മൂടാടി ലോക്കല്‍ കമ്മറ്റിയിലെ ഒരംഗവും ഉള്‍പ്പെടെ പത്ത് സിപിഎമ്മുകാരാണ് ഇപ്പോള്‍ ജയിലിലുള്ളത്.പയ്യോളി ലോക്കല്‍ കമ്മിറ്റിയിലെ സെക്രട്ടറി ഉള്‍പ്പെടെ നാലുപേരാണ് അറസറ്റിലായത്. ഇവരില്‍ കെ. ടി.ലിഖേഷ് നിലവില്‍ നഗരസഭാ കൗണ്‍സിലറാണ്.
കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്ത കെ.കെ. പ്രേമന് മുന്‍ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. സി.സുരേഷ് ഏരിയാ കമ്മിറ്റി അംഗവും കെഎസ്കെടിയു ഏരിയ സെക്രട്ടറിയുമാണ്. സിപിഎമ്മിന്റെ പയ്യോളിയിലെ പരിചിത മുഖങ്ങളായ നേതാക്കള്‍ കൂട്ടത്തോടെ അഴിക്കുള്ളിലായത് പാര്‍ട്ടിയെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തൊട്ടടുത്ത സ്ഥലമായ കൊയിലാണ്ടിയില്‍ ജില്ലാ സമ്മേളനം നടക്കുന്നതിന് രണ്ടുദിവസം മുന്‍പാണ് സിബിഐ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തത്.
അതുകൊണ്ട് തന്നെ സമ്മേളനവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പ്രചരണ ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. സിബിഐയുടെ അപ്രതീക്ഷിതമായ നടപടിയില്‍നിന്ന് പ്രാദേശിക നേതൃത്വം ഇപ്പോഴും പൂര്‍ണമായും മുക്തമായിട്ടില്ല. പയ്യോളിയിലെ പുതിയ ലോക്കല്‍ കമ്മിറ്റിയില്‍ ഡിവൈഎഫ്ഐ പ്രതിനിധികളെ ഉള്‍പ്പെടുത്താത്തത് അന്ന് വിവാദമായിരുന്നു.
മുതിര്‍ന്ന ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ കൂടയില്‍ ശ്രീധരനാണ് ഇപ്പോള്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ താത്ക്കാലിക ചുമതല. വര്‍ഷങ്ങളോളം ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന വ്യക്തി അനാരോഗ്യം കാരണം ഇപ്പോള്‍ അവധിയിലായതും നേതൃത്വത്തെ പ്രയാസപ്പെടുത്തുന്നുണ്ട്.
അറസ്റ്റുമായി ബന്ധപ്പെട്ട് പിറ്റേ ദിവസം ഹര്‍ത്താലും ഇടയ്ക്കിടെ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി അനുനായികളില്‍ അറസ്റ്റ് ഉണ്ടാക്കിയ സംശയങ്ങള്‍ ദുരീകരിക്കാന്‍ ഇപ്പോഴും നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഇതിനിടെ സിബിഐ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന മുന്‍ ലോക്കല്‍ കമ്മറി്റി അംഗവും ആദ്യ കുറ്റപത്രത്തില്‍ മൂന്നാം പ്രതിയുമായ വടക്കയില്‍ ബിജുവിന്റെ പ്രസ്താവനയും പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.
ഇതിനിടെ സിപിഎം നേതാക്കള്‍ കൂട്ടത്തോടെ ജയിലിലായിട്ടും ഒരു പ്രസ്താവന പോലും പുറത്തിറക്കാന്‍ തയാറാവാത്ത പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സിപിഎമ്മിനെതിരെ രാഷ്ട്രീയമായി അക്രമിക്കാന്‍ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നില്ലെന്ന് അണികള്‍ കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസ് നേത്രുത്വം പ്രകടനമോ പൊതുയോഗമോ പത്രപ്രസ്താവനപോലുമോ നല്‍കിയിട്ടില്ല. നഗരസഭയിലെ ഒരു സിപിഎം കൗണ്‍സിലര്‍ സിബിഐ അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെട്ടിട്ടും കൌണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്താന്‍ ഒരുങ്ങിയ യൂത്ത് കോണ്‍ഗ്രസിനെ നേതൃത്വം ഇടപെട്ട് തീരുമാനം പിന്‍വലിപ്പിക്കുകയായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
അതേസമയം, ഇക്കഴിഞ്ഞ സിപിഎമ്മിന്റെ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ മനോജ് വധം വീണ്ടും ചര്‍ച്ചയായിരുന്നു. ലോക്കല്‍ പോലീസ് അന്വേഷണത്തിന് ശേഷം ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ യുഡിഎഫ് നേതാക്കളുടെ സഹായത്തോടെ അന്വേഷണത്തില്‍ കൈകടത്തി എന്നാണ് ആരോപണം ഉയര്‍ന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തില്‍ എത്തിയതോടെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന് പ്രമോഷന് നല്കി സ്ഥലം മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. ഈ ഉദ്യോഗസ്ഥന് പകരം മറ്റൊരാള്‍ പദവി ഏറ്റെടുക്കാന്‍ വൈകിയതിന്റെ പിന്നിലും യുഡിഎഫിന്റെ സഹായം ലഭിച്ചുവെന്നാണ് ആരോപണം.
ു