പഴശിരാജ എന്ന സിനിമയിൽ സുരേഷ് കൃഷ്ണ അവതരിപ്പിച്ച കൈതേരി അമ്പു എന്ന കഥാപാത്രമായി ആദ്യം കാസ്റ്റ് ചെയ്തത് മനോജ് കെ ജയനെ. പിന്നീട് തലയ്ക്കൽ ചന്തു എന്ന കഥാപാത്രത്തെ ചെയ്യുകയായിരുന്നു. മനോജ് കെ. ജയൻ ഒരഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനോജിന്റെ വാക്കുകൾ ഇങ്ങനെ…
സിനിമയുടെ പൂജയുടെ സമയത്തും എം.ടി. സാറും എന്നോട് കൈതേരി അമ്പുവിനെ കുറിച്ചാണ് സംസാരിച്ചത്. അമ്പുവിന് വേണ്ടി കുതിരസവാരി പഠിക്കണമെന്നാണ് എന്നോട് സംവിധായകന് ഹരിഹരന് സാര്‍ പറഞ്ഞത്. ഒട്ടേറെ സീനുകളില്‍ കുതിരസവാരി വരുന്നുണ്ടെന്നും അതുകൊണ്ട് നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നും എന്നോട് പറഞ്ഞിരുന്നു. അങ്ങനെ കുതിരസവാരി പഠിക്കാന്‍ തീരുമാനിച്ചു,
അങ്ങനെയിരിക്കുന്ന സമയത്താണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ച് വേഷത്തില്‍ മാറ്റമുണ്ടെന്ന കാര്യം പറയുന്നത്. കൈതേരി അമ്പു ആയിരിക്കില്ലെന്നും തലയ്ക്കല്‍ ചന്തു എന്ന കഥാപാത്രമായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, ആ വേഷത്തെ കുറിച്ച് എനിക്കൊരു പേടിയുണ്ടായിരുന്നു.
എന്നാല്‍ സംവിധായകന് പറഞ്ഞു കഥയില്‍ ഏറെ പ്രധാന്യമുള്ള കഥാപാത്രമാണ്, പഴശിരാജയ്ക്ക് ഏറ്റവും സപ്പോര്‍ട്ടീവായ കുറിച്യ തലവനാണ്. അദ്ദേഹത്തിന്റെ പേരില്‍ ക്ഷേത്രം വരെയുണ്ട്.
അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാവുമല്ലോ എത്ര മഹിമയുള്ള ക്യാരക്ടറാണെന്ന്. നമുക്ക് അത് ചെയ്യാം, മറ്റേത് വേറെ ആരെങ്കിലും ചെയ്യട്ടെ എന്ന് ഹരിഹരൻ സാർ പറഞ്ഞു.
അങ്ങനെ ഷൂട്ടിംഗ് തുടങ്ങി, കണ്ണവം കാട്ടില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ആ കാട്ടില്‍ വെച്ച് ആദ്യദിവസം തന്നെ ബ്രിട്ടീഷുകാരുമായുള്ള ചേസിംഗ് ആണ് പ്ലാന്‍ ചെയ്തത്.
ടേക്കിന് മുമ്പ് പ്രാക്ടീസ് എന്ന നിലയ്ക്ക് ത്യാഗരാജന് മാസ്റ്റര്‍ എന്നെ മരത്തില്‍ പിടിച്ച് കയറ്റി, അവിടുന്ന് ഊര്‍ന്നിറങ്ങി, എന്റെ കൈയിലെ തൊലിയെല്ലാം പൊളിഞ്ഞ് പാളീസായി.
അതിനിടെ ഒരു തീരുമാനമെടുത്തു, വലിയ തീരുമാനം എന്തു വന്നാലും ഈ ചിത്രത്തില്‍ നിന്നും ഒഴിയുന്നു. കാരണം തലയ്ക്കല്‍ ചന്തു ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് എനിക്കില്ലായിരുന്നു.
ഹരിഹരന് സാറിന്റെ മുന്നില്‍ നേരിട്ട് ഈ വിഷയം അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു, അങ്ങനെ അസോസിയേറ്റ് ഡയറക്ടറായ ബാബുവേട്ടനോടാണ് ഇക്കാര്യം പറഞ്ഞത്.ഹരിഹരന് സാറിന്റെ അടുത്ത് അവതരിപ്പിക്കാന്‍ ഞാന്‍ ബാബുവേട്ടനോട് പറഞ്ഞു. പുള്ളി പറ്റില്ലെന്ന് പറഞ്ഞു.
ഒടുവിൽ അവസാനം മടിച്ച് മടിച്ച് ബാബുവേട്ടന് ഹരിഹരന് സാറിനോട് കാര്യം പറഞ്ഞു. സാർ എന്നെ വിളിപ്പിച്ചു. മനോജേ, നിങ്ങളെ കുട്ടന് തമ്പുരാനാക്കിയ ആളാണ് ഞാന്‍, അങ്ങനെയാക്കാന്‍ എനിക്ക് റിസ്ക് എടുക്കാമെങ്കില്‍ നിങ്ങള്‍ ഇതും ചെയ്തിരിക്കും. അങ്ങനെ സംവിധായകന് എടുത്ത റിസ്കാണ് തലക്കല്‍ ചന്തു എന്ന ക്യാരക്ടര്‍.
ആ സിനിമയിലഭിനയിക്കാത്ത ആക്ടേഴ്സില്ല, എന്നിട്ടും ആ സിനിമയിലെ സ്റ്റേറ്റ് അവാര്‍ഡ് നേടിയ ഏക മെയിൽ ആക്ടര്‍ ഞാനാണ്. ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ്- മനോജ് കെ ജയൻ പറഞ്ഞു.