ഞാന്‍ ആദ്യമായി പൃഥ്വിരാജിനെ കാണുന്നത് സുകുമാരേട്ടന്റെ മൃതദേഹം കലാഭവന്‍ തിയേറ്ററിന്റെ വെളിയില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോഴാണ്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം ഒരുപാടു പേര് വരുന്നുണ്ട്. വലിയ ആള്‍ക്കൂട്ടമായിരുന്നു. ആളുകളുടെ ആരവും ബഹളവുമൊക്കെയായിരുന്നു.
ഞാന്‍ ബോഡിയുടെ അടുത്ത് ചെന്നപ്പോള്‍ ഇന്ദ്രന് നോര്‍മലായി എല്ലാവരെയും കണ്ടു സംസാരിക്കുന്നുണ്ട്. പൃഥ്വിരാജ് ഒരേ നില്പായിരുന്നു. ആരെയും നോക്കുന്നില്ല. ഒരു കണ്ണടയൊക്കെ വച്ചാണു നില്‍ക്കുന്നത്.
ഇതേക്കുറിച്ച് ഞാന്‍ മൈ സ്റ്റോറിയുടെ സെറ്റില്‍ വച്ച് പൃഥ്വിരാജിനോടു ചോദിച്ചു. രാജു നിന്നെ ഞാന്‍ ആദ്യമായി കാണുന്നത് സുകുവേട്ടന്റെ മൃതശരീരത്തിന് അരികിലാണ്. ഇന്ദ്രന് അന്ന് ലൈവായിരുന്നു. നീ മാത്രം എന്താണ് ആരെയും ഗൗനിക്കാതെ നിന്നിരുന്നത് എന്ന്.
ചേട്ടന് ഓര്‍ക്കുന്നുണ്ടോ, അന്ന് ഓരോ ആര്‍ട്ടിസ്റ്റും വന്നിറങ്ങുമ്പോള്‍ ആരവമാണ് ആളുകള്‍ക്ക്. എന്റെ അച്ഛനാണു മരിച്ചു കിടക്കുന്നത്. എന്തൊരു ആളുകളാണിത്. ഒരു മൃതദേഹം അവിടെ കിടക്കുകയാണ്. ആളുടെ ഈ സമീപനം കണ്ടു വെറുത്തുനില്ക്കുകയായിരുന്നു ഞാന്‍ എന്നാണ് അവന് പറഞ്ഞത്. -മനോജ് കെ. ജയന്