ആലുവ: കാഴ്ച പരിമിതിയുള്ള പതിനൊന്നു വയസുകാരന് ആര്. മനോജ് പെരിയാറിനെ മറികടന്ന് താരമായി. ആലുവ അദ്വൈതാശ്രമം കടവില്‍നിന്ന് ശിവരാത്രി മണപ്പുറത്തേക്കാണ് മനോജ് പുഴ നീന്തിക്കടന്നത്.
രാവിലെ 7.30ന് അദ്വൈതാശ്രമം മഠാധിപതി ശിവ സ്വരൂപാനന്ദ സ്വാമി ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് നീന്തൽ ആരംഭിച്ചത്. മനോജ് പഠിക്കുന്ന ആലുവ സ്കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിലെ മാനേജര്‍ വര്‍ഗീസ് അലക്സാണ്ടർ, പ്രധാനാധ്യാപിക ജിജി വര്‍ഗീസ്, മറ്റ് അധ്യാപകർ, സഹപാഠികൾ എന്നിവർ ചേര്‍ന്ന് ശിവരാത്രി മണപ്പുറത്തുവച്ച് മനോജിനും പരിശീലകൻ സജി വാളശേരിക്കും സ്വീകരണം നല്കി.
പൂര്‍ണമായും കാഴ്ചയില്ലാത്ത മനോജിനെ 30 ദിവസത്തെ പരിശീലനം നല്‍കിയാണ് സജി പുഴ നീന്തികടക്കാന്‍ ഒരുക്കിയത്. ആലുവ സ്കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മനോജ് പാലക്കാട് പുതുക്കോട് സ്വദേശികളായ രമേശിന്റെയും സുധയുടെയും രണ്ടാമത്തെ മകനാണ്.
മനോജിന്റെ പഠനവുമായി ബന്ധപ്പെട്ട് എല്ലാവരും ഇപ്പോള്‍ ആലുവ കീഴ്മാടാണ് താമസിക്കുന്നത്. സംസ്ഥാന സ്പെഷല്‍ സ്കൂള്‍ യുവജനോത്സത്തിലും പ്രവൃത്തി പരിചയമേളകളിലും ക്വിസ് മത്സരങ്ങളിലും പ്രസംഗ മത്സരങ്ങളിലും മനോജ് ഒന്നാം സ്ഥാനം കരസ്ഥമായിട്ടുണ്ട്.