പാട്ടിനു പാട്ട്, എഴുത്തിന് എഴുത്ത്, മിമിക്രിക്ക് മിമിക്രി, അഭിനയത്തിന് അഭിനയം, ഗ്രാഫിക്സിനു ഗ്രാഫിക്സ്… മനോജ് തിരുമംഗലത്തെ തേടിച്ചെന്നാൽ ഇതുപോലെ എന്തിനും തീരുമാനമുണ്ട്. നാട്ടിൽ അറിയപ്പെടുന്ന പാട്ടുകാരൻ, പ്രഫഷണൽ മിമിക്രി ആർട്ടിസ്റ്റ്, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഡിസൈനർ, അഭിനേതാവ്… മനോജ് തിരുമംഗലം എന്ന ചെറുപ്പക്കാരൻ നാടിന്റെ “നോട്ടപ്പുള്ളി’യായിരിക്കുന്നു. കാരണം ഈ പേരിനോട് ഇനിയേതൊക്കെ വിശേഷണങ്ങൾ ചേർത്തുവയ്ക്കേണ്ടി വരും എന്ന ആകാംക്ഷയിലാണ് കോട്ടയംകാർ.
കലയുടെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച് ആസ്വാദകരെ വിസ്മയിപ്പിക്കുകയാണ് മനോജ്. കോട്ടയം പനച്ചിക്കാട് സ്വദേശിയായ ഈ യുവാവ് സ്കൂൾ-കോളജ് കാലഘട്ടത്തിൽത്തന്നെ കലാകാരൻ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. സ്കൂളിലെയും കോളജിലും നാട്ടിൻപുറങ്ങളിലെയും സ്റ്റേജുകളിലും മത്സരവേദികളിലും നിറഞ്ഞ സാന്നിധ്യം.
സംഗീതമത്സരം, കഥാരചന, ചിത്രരചന തുടങ്ങിയവയൊക്കെയായിരുന്നു അക്കാലത്തെ പ്രധാന ഇനങ്ങൾ. നിരവധി സമ്മാനങ്ങളും നേടി. കോളജ് പഠനം കഴിഞ്ഞതിനു പിന്നാലെ മിമിക്രി രംഗത്തേക്കു തിരിഞ്ഞു. പ്രഫഷണൽ മിമിക്രിരംഗത്ത് ഏഴു വർഷത്തോളം സജീവം. കൊച്ചിൻ സരിഗ, ആലപ്പുഴ സൂപ്പർ ജോക്സ് അടക്കം നിരവധി ട്രൂപ്പുകളിൽ പ്രവർത്തിച്ചു.
വൈകാതെ മിമിക്രിയിൽനിന്ന് അവധിയെടുത്തു ഗാനമേള രംഗത്തെത്തി. നിരവധി വേദികളിൽ ഗായകനായി കൈയടി നേടി. നിള മീഡിയ ഓർക്കസ്ട്രയുമായി സംഗീതരംഗത്ത് ഇപ്പോഴും സജീവം. ഇതിനിടെ, രണ്ടുമൂന്ന് അമച്വർ നാടകങ്ങളിൽ വേഷമിട്ടു. കൂടാതെ ഹിന്ദു-ക്രിസ്ത്യൻ ഭക്തിഗാന രംഗത്തും സാന്നിധ്യമറിയിച്ചു. നിരവധി ഗാനങ്ങൾ രചിച്ചു. വിവിധ ആൽബങ്ങൾക്കായി പതിനഞ്ചിലേറെ ഭക്തിഗാനങ്ങൾ ആലപിച്ചു.
മജോ മാത്യു സംവിധാനം ചെയ്ത മദർ എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിലേക്കും ചവടുവച്ചു. അടുത്ത മാസം റിലീസ് ചെയ്യുന്ന ഒറ്റമരം എന്ന ചിത്രത്തിൽ നല്ലൊരു കഥാപാത്രം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് മനോജ്.
മൂന്നാലു സിനിമകൾക്കു ഡിസൈനിംഗും നിർവഹിച്ചു. മദർ, ഒറ്റമരം, മോസ്കോ കവല തുടങ്ങിയ സിനിമകളുടെ ഡിസൈനിംഗ് മനോജ് ആയിരുന്നു. പരസ്യ ചിത്രങ്ങൾ, ഷോർട്ട് ഫിലിമുകൾ, ആൽബങ്ങൾ എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് ഷോർട്ട് ഫിലിമുകൾ കഥയെഴുതി സംവിധാനം ചെയ്തു.
ഇവയുടെ എഡിറ്റിംഗും ഡിസൈനും മനോജ് തന്നെയായിരുന്നു. ഗ്രാഫിക് ഡിസൈനർ എന്ന തന്റെ ജോലിക്കിടയിലാണ് കലാപ്രവർത്തനങ്ങൾക്ക് ഈ ചെറുപ്പക്കാരൻ സമയം കണ്ടെത്തുന്നത്. കലാപ്രവർത്തനങ്ങൾക്കു നിറഞ്ഞ പിന്തുണയുമായി ഭാര്യ നീതുവും മക്കളായ നവമി, നിള എന്നവരും ഒപ്പമുണ്ട്. മനോജിന്റെ സഹോദരൻ മനു തിരുമംഗലവും ഗായകനാണ്.