ഇതിലും നല്ലത് എന്നെ കൊല്ലുകയല്ലേ! സഹായത്തിനായി യാചിച്ചപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആട്ടിപ്പായിച്ചു; രാജ്യത്തിനും ജനങ്ങള്‍ക്കും സംരക്ഷകനായിരുന്ന സൈനികന്‍ മനോജ് തോവാര്‍ ചോദിക്കുന്നു

സൈനികരുടെ ശവപ്പെട്ടിയില്‍ പോലും കൈയ്യിട്ടുവാരുന്ന ഭരണ കേന്ദ്രങ്ങളുടെ ക്രൂരതയുടെ ഞെട്ടിക്കുന്ന ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിലും ഭേദം എന്നെ കൊല്ലുന്നതല്ലേയെന്ന മനോജ് തോമര്‍ എന്ന സിആര്‍പിഎഫ് ജവാന്റെ വാക്കുകളാണ് രാജ്യസ്‌നേഹമുള്ള ഓരോരുത്തരെയും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത്.

സിആര്‍പിഎഫില്‍ 16 വര്‍ഷവും പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തില്‍ എട്ട് വര്‍ഷവും സേവനം ചെയ്തയാളാണ് മനോജ്. 2014 ല്‍ മാവോയിസ്റ്റുകളോട് ഏറ്റുമുട്ടിയാണ് ഏഴ് ബുള്ളറ്റുകള്‍ മനോജിന്റെ വയറ്റില്‍ തുളച്ചു കയറിയത്. കൂടെയുണ്ടായിരുന്ന പതിനൊന്നുപേരും മരിച്ചിട്ടും കുടല്‍മാല പുറത്തുചാടിയിട്ടും മനോജിന് ജീവന്‍ നഷ്ടപ്പെട്ടില്ല. എന്നാല്‍ മരിക്കുന്നതായിരുന്നു ഭേദമെന്നാണ് മനോജിനിപ്പോള്‍ തോന്നുന്നത്.

കാരണം, രാജ്യസേവനത്തിനിടയിലാണ് അപകടം സംഭവിച്ചതെങ്കിലും മതിയായ ചികിത്സ നല്‍കിയില്ല. സഹായം ചോദിച്ച് ബിജെപിയുടെ മധ്യപ്രദേശ് സര്‍ക്കാരിനോടും കേന്ദ്രത്തോട് യാചിച്ചിട്ടും അവഗണനയല്ലാതെ യാതൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, പലയിടത്തുനിന്നും വളരെ മോശം പ്രതികരണമാണ് ലഭിച്ചതും. കുടല്‍മാല പോളിത്തീന്‍ പൊതിഞ്ഞുകെട്ടിയ അവസ്ഥയിലാണിപ്പോള്‍ ജീവിതം. പകുതി കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു.

ഇങ്ങനെ ജീവിച്ചിരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. എന്റെയൊപ്പമുണ്ടായിരുന്ന മരിച്ചുപോയവരില്‍ നിന്ന് വ്യത്യസ്തനല്ല ഇപ്പോള്‍ ഞാനും. കുടുംബത്തിനുവേണ്ടിപ്പോലും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ചികിത്സ കിട്ടിയില്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ എന്റെ അവസ്ഥവച്ച് അതൊന്നും മതിയാകുമായിരുന്നില്ല. രാഷ്ട്രീയ നേതാക്കളെയും ഓള്‍ ഇന്ത്യമെഡിക്കല്‍ ഇന്‍സ്റ്ററ്റിയാട്ടിനെയും പലതവണ സമീപിച്ചു. ഫലമൊന്നുമുണ്ടായില്ല.

രാജ്യസേവനത്തിന് ഇറങ്ങിത്തിരിക്കുന്നവരേക്കൂടി നിരുത്സാഹപ്പെടുത്തുകയല്ലേയുള്ളൂ എന്റെ അവസ്ഥ. രാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിക്കുമ്പോള്‍ അധികാരികളും മേലുദ്യോഗസ്ഥരുമെല്ലാം സന്തോഷിക്കും. എന്നാല്‍ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി എന്തെങ്കിലും അഭ്യര്‍ത്ഥിച്ചാല്‍ നമ്മെ നിശബ്ധരാക്കുകയും ചെയ്യും. മനോജ് നെടിവീര്‍പ്പിടുന്നു.

Related posts