തിരുവനന്തപുരം: മനോജിന്റെ കുടുംബം അനാഥമാകില്ല. കരുണയും നന്മയുമുള്ള സുഹൃത്തുക്കൾ താങ്ങാകും. വാഹനാപകടത്തിൽ മരിച്ച ഹോട്ടൽ ജീവനക്കാരൻ കിളിമാനൂർ കോക്കാട് ജയഭവനിൽ മനോജ് ഉണ്ണിത്താന്റെ (44) കുടുംബത്തെ ചേർത്ത് പിടിയ്ക്കുകയാണ് അദ്ദേഹത്തിന്റെ നന്മയുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും.
ഇക്കഴിഞ്ഞ പതിനൊന്നാം തീയതിയാണ് മനോജും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറിയിടിച്ചത്. അപകടത്തെ തുടർന്ന് മനോജ് മരിച്ചത് ഭാര്യ ജയയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
മനോജിന്റെ മരണത്തെ തുടർന്ന് അനാഥമായ രണ്ട് പിഞ്ചു ബാല്യങ്ങൾക്കാണ് സഹപ്രവർത്തകർ താങ്ങായി മാറിയത്.കിളിമാനൂരിലെ വഴിയോരക്കട ഹോട്ടൽ ജീവനക്കാരനായ മനോജിന്റെ സുഹൃത്തുക്കൾ ഓരോ ദിവസവും 22 രൂപ വീതം മാറ്റിവച്ചാണ് എല്ലാ മാസവും മനോജിന്റെ ശന്പളമായി കുടുംബത്തിന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
19 ജീവനക്കാരും ഹോട്ടൽ ഉടമയും പ്രതിദിനം മാറ്റി വയ്ക്കുന്ന തുക എല്ലാ മാസവും മനോജിന്റെ ഭാര്യ ജയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഉദാത്തമായ ഈ മാതൃകയെ പ്രദേശവാസികളും യുവാക്കളും അഭിനന്ദിക്കുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് മനോജിന്റെ ഭാര്യ ജയ. പ്രദേശവാസികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു മനോജ്.
മനോജിന്റെ വേർപാടിനെ തുടർന്ന് മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ഏറെ ആശങ്കയിലും വിഷമത്തിലും കഴിയുകയാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും.
മനോജിന്റെ സുഹൃത്തുക്കളുടെ ഈ തീരുമാനം കുടുംബത്തിനും ബന്ധുക്കൾക്കും ചെറിയ ആശ്വാസം പകർന്നിട്ടുണ്ട്.