ബ്രെയിൻ ട്യൂമർ ബാധിച്ച, നേരത്തേതന്നെ ഹൃദ്രോഗിയായ ഒരു രോഗിയെ രണ്ടാഴ്ചയോളം വാർഡിൽ കിടത്തി സർജറിക്ക് വേണ്ടി റെഡിയാക്കുന്നു.
ഓപ്പറേഷൻ സമയത്തും ശേഷവും സംഭവിക്കാവുന്ന ഓരോ കാര്യവും പറഞ്ഞു മനസിലാക്കി സമ്മതപത്രം വാങ്ങിയശേഷം, 8-10 മണിക്കൂർ വരെ നീണ്ട ഓപ്പറേഷൻ ചെയ്യുന്നു.
ഓപ്പറേഷനുശേഷം ഐസിയുവിൽ രോഗിയിലെ മാറ്റങ്ങളും ജീവസ്പന്ദങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
അതിനിടയിൽ നിർഭാഗ്യവശാൽ രോഗിയുടെ നില വഷളാവുന്നു. വേണ്ട ചികിത്സകൾ നൽകിയശേഷം ഇക്കാര്യങ്ങളെല്ലാം രോഗിയുടെ ബന്ധുക്കളെ സമയാസമയങ്ങളിൽ അറിയിക്കുന്നു.
പിന്നെയും രോഗിയെ രക്ഷിക്കാൻ മനുഷ്യസഹജമായ കാര്യങ്ങളെല്ലാംതന്നെ ചെയ്യുന്നു. പക്ഷെ രാത്രി ഒരുമണിയോടെ രോഗി മരിക്കുന്നു.
ഇക്കാര്യം പറയാൻ വീണ്ടും ചെല്ലുമ്പോൾ, രോഗിയുടെ ബന്ധു ആ ഡോക്ടറുടെ വയറ്റിൽ ചവിട്ടിത്തെറിപ്പിക്കുന്നു.
രാത്രി ഒന്നര മണിക്ക്, ഐസിയുവിൽ ഡ്യൂട്ടി ചെയ്യേണ്ട, വേറെയും രോഗികൾക്ക് ചികിത്സ കൊടുക്കേണ്ട ആ ഡോക്ടർ ചവിട്ടുകൊണ്ട് രോഗിയായി കാഷ്വാലിറ്റിയിൽ ചികിത്സയിൽ.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോസർജറി വിഭാഗത്തിൽ ഒരു വനിതാ ഡോക്ടർക്ക് കഴിഞ്ഞ ദിവസം സംഭവിച്ച അത്യാഹിതമാണിത്.
പ്രിയപ്പെട്ട ഒരു സഹപ്രവർത്തകയ്ക്ക് സംഭവിച്ച ദുരവസ്ഥയിൽ ദുഃഖവും ദേഷ്യവും ഉള്ളപ്പോഴും അതിനെപ്പറ്റി ഒന്നും എഴുതണ്ടാന്നുതന്നെ കരുതിയതാണ്.
കാരണം, അടി കിട്ടുന്നത് ഏതെങ്കിലും ഡോക്ടർക്കാണെങ്കിൽ അത് കിട്ടേണ്ടതുതന്നെയാണെന്ന് കരുതുന്ന, ഈ വക ആക്രമണങ്ങളിൽ ആത്മാർത്ഥമായി ഒന്ന് സഹതപിക്കാൻപോലും തോന്നാത്ത ഒരു സമൂഹത്തിലേക്ക് എന്തിനാണ് ഒരാളെ ഓഡിറ്റിംഗിന് വിട്ടുകൊടുക്കണം എന്ന് വിചാരിച്ചിട്ടാണ്.
നമുക്കിവിടെ ധാരാളം നിയമങ്ങളും വകുപ്പുകളുമുണ്ട്. പരാതികൾ കൊടുക്കേണ്ടിടത്തെല്ലാം കൊടുത്തിട്ടുണ്ട്. ഡോക്ടർമാർ സൂചനാ സമരവും നടത്തി.
എന്നിട്ടും പ്രതിയെ മാത്രം കണ്ടുകിട്ടിയില്ല. ഇവിടെയൊരു ഇലയനങ്ങിയാൽ അറിയുന്ന ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും നോക്കി.
ഒരു വനിതാ ഡോക്ടർ ചവിട്ടുകൊണ്ട് അഡ്മിറ്റായിട്ടും മന്ത്രിയിതൊന്നും അറിഞ്ഞ മട്ടുപോലുമില്ല.
ഈ ഡോക്ടർമാർ എന്നു പറഞ്ഞാൽ ദൈവങ്ങളുമല്ല, ചെകുത്താന്മാരുമല്ല. ഇതു വായിക്കുന്ന നിങ്ങളൊക്കെ ഏതുതരക്കാരാണോ, ഏതാണ്ട് അതുതന്നെയാണ് ഡോക്ടർമാരും.
ഒരേ സമൂഹത്തിൽനിന്നാണല്ലോ ഡോക്ടർമാരും ഉണ്ടാവുന്നത്. ഇനി ഏതുതരത്തിലുള്ള ആളാണെങ്കിലും ജോലി സ്ഥലത്ത് ആക്രമിക്കപ്പെടുക എന്ന് പറഞ്ഞാൽ ഒരു രീതിയിലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.
യുദ്ധഭൂമിയിൽപോലും ആരോഗ്യപ്രവർത്തകരെയും ആശുപത്രികളെയും ആക്രമിക്കാൻ പാടില്ല എന്നുണ്ട്. എന്നാൽ കേരളത്തിൽ അത്തരം ആക്രമണങ്ങൾ വളരെ സ്വാഭാവികമായ ഒന്നാണ്.
സംഗതി വാർത്തയാവുമ്പോൾ മാത്രം, അത് ആ സമയത്തെ വൈകാരിക പ്രതികരണമെന്ന ഉഡായിപ്പുമായി വരും.
ഈ വാർത്തകൾക്ക് താഴെവരുന്ന പ്രതികരണം മാത്രം നോക്കിയാൽ മതി, ഇതൊന്നും പെട്ടെന്നുള്ള വൈകാരിക വിക്ഷോഭം അല്ലായെന്ന് അറിയാൻ.
തരംകിട്ടിയാൽ കൈകാര്യം ചെയ്യാൻ കാത്തിരിക്കുന്നവരെയും ആരാണെന്നോ എന്താണെന്നോ അറിയാത്ത ഏതോ ഒരു ഡോക്ടർക്ക് അടി കിട്ടിയതിൽ ആഹ്ലാദിക്കുന്നവരെയും ഒക്കെ ധാരാളം കാണാം.
ആശുപത്രിയും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടുമ്പോൾ നിയമനടപടി സ്വീകരിക്കാൻ വേണ്ടി സമരം ചെയ്യേണ്ട സാഹചര്യം ഇന്നും കേരളത്തിൽ ഉണ്ടെന്നത് ഖേദകരമാണ്.
ഭയമില്ലാതെ സ്വസ്ഥവും സുരക്ഷിതവും സമാധാനപരവുമായി സ്വന്തം ജോലി ചെയ്യാനുള്ള സാഹചര്യം സർക്കാരും സമൂഹവും ആരോഗ്യ പ്രവർത്തകർക്ക് ഒരുക്കി നൽകിയാൽ അതിന്റെ ഗുണം ലഭിക്കുക സാധാരണക്കാരായ ഇവിടത്തെ രോഗികൾക്കുതന്നെയായിരിക്കും.