തിരുവാർപ്പ്: പത്രവിതരണക്കാരന്റെ സത്യസന്ധതയിൽ ദന്പതികൾക്ക് തിരികെ ലഭിച്ചതു രണ്ടു ലക്ഷം രൂപയും മൂന്നു സ്വർണവളയും അടങ്ങിയ ബാഗ്.
കാഞ്ഞിരം പാലത്തിന്റെ ഇറക്കത്തിൽ റോഡരികിലായി കിടന്ന ബാഗ് പുലർച്ചെ നാലിനു പത്രവിതരണം നടത്തുന്നതിനിടയിലാണ് തിരുവാർപ്പ് നെടുംതറ മനോജ് (44)ന് കളഞ്ഞുകിട്ടിയത്.
സമീപപ്രദേശങ്ങളിൽ ഉടമയെ അന്വേക്ഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് പത്രവിതരണം നടത്താതെ ബാഗുകിട്ടിയ സ്ഥലത്തിനു സമീപം കടത്തിണ്ണയിൽ കാത്തുനിന്നു.
5.30 ഓടെ ബാഗ് നഷ്ടപ്പെട്ട കിളിരൂർ സ്വദേശികളായ ദന്പതികൾ നിറകണ്ണുകളോടെ എത്തി തിരയുന്നതു കണ്ടു. തുടർന്ന് വിവരങ്ങൾ അന്വേഷിച്ച് യഥാർഥ ഉടമകളാണെന്നു ബോധ്യപ്പെട്ടു ബാഗ് തിരികെ നൽകുകയും ചെയ്തു.
കാഞ്ഞിരത്തിൽനിന്നുള്ള ആദ്യ ബസിനു കോട്ടയത്തേക്ക് പോകാനെത്തിയപ്പോഴാണ് ദന്പതികൾക്ക് ബാഗ് നഷ്ടപ്പെട്ടത്. മനോജിന്റെ പ്രവൃത്തിയെക്കുറിച്ച് അറിഞ്ഞ നാട്ടുകാർ ഇന്നലെ വൈകുന്നേരം അദ്ദേഹത്തെ അഭിനന്ദിക്കാൻ യോഗം സംഘടിപ്പിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15-ാം വാർഡ് ബിജെപി സ്ഥാനാർഥിയായിരുന്ന മനോജിനെ ചടങ്ങിൽ ബിജെപി ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രാജ് മോഹൻ വെട്ടികുളങ്ങര പൊന്നാടയണിയിച്ചു.