കൊച്ചി/കോലഞ്ചേരി: വഴിവിട്ട കാര്യങ്ങള്‍ ചെയ്യുന്ന അമ്മയോടും ഇവരോടുള്ള ബന്ധത്തിന്റെ പേരില്‍ മുഹമ്മദ് ഷാഫിയോടുമുള്ള ദേഷ്യം മനോജ് തീര്‍ത്തത് വയോധികയെ ആക്രമിച്ചുകൊണ്ട്.
കോലഞ്ചേരിയില്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ പാങ്കോട് ആശാരിമൂലയില്‍ മനോജാണ് (42) ഇവരെ കൂടുതല്‍ മാരകമായി മുറിവേല്‍പ്പിച്ചത്. മൂന്നാം പ്രതി ഓമനയുടെ (60) മകനാണ് മനോജ്.
ഒന്നാം പ്രതി മദ്യപാനിയായ ലോറി ഡ്രൈവര്‍ വാഴേപ്പിള്ളിയില് മുഹമ്മദ് ഷാഫിക്ക് (48) ഓമനയുമായി മൂന്നുവര്‍ഷത്തെ പരിചയമുണ്ട്. മുഹമ്മദ് ഷാഫിയില്‍നിന്നും പണം വാങ്ങി ഓമനയുടെ വീട്ടില്‍ ഇയാള്‍ക്ക് അനാശാസ്യത്തിന് സൗകര്യമൊരുക്കി നല്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഓമനയുമായി വഴക്കുണ്ടാക്കാറുള്ള മനോജിന് മുഹമ്മദ് ഷാഫിയുമായി വൈരാഗ്യവുമുണ്ടായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച പൂനെയില്‍ നിന്നും സവാള ലോഡുമായി പെരുമ്പാവൂരിലെത്തിയ ഷാഫി ഞായറാഴ്ച ഒരു സ്ത്രീയെ ഏര്‍പ്പാടാക്കണമെന്ന് ഓമനയോട് ആവശ്യപ്പെട്ടു.
ആരെയും തരപ്പെടുത്താനാവാത്തതിനാല് ഓമന തന്റെ മുന്നില്‍ എത്തിപ്പെട്ട ഓര്‍മക്കുറവുള്ള വയോധികയെ പുകയില നല്‍കാമെന്ന് പറഞ്ഞ് ഷാഫിയുടെ മുമ്പിലെത്തിക്കുകയായിരുന്നു. മദ്യലഹരിയില്‍ ഇയാള്‍ ഇവരെ ക്രൂരമായി പീഡിപ്പിച്ചു.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ മനോജ് മുറിയില്‍ കണ്ട മുഹമ്മദ് ഷാഫിയെ അടിച്ചോടിച്ചു. വൃദ്ധയോടും വൈരാഗ്യമുണ്ടായിരുന്ന മനോജ് അവശനിലയില്‍ കിടക്കുന്ന ഇവരുടെ ദേഹമാസകലം കത്തി കൊണ്ട് വരയുകയും സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷം മനോജ് പുറത്തേക്ക് പോയപ്പോള്‍ ഓമന ബെഡ്ഷീറ്റ് കൊണ്ട് രക്തം തുടച്ച ശേഷം വൃദ്ധയെ വീട്ടിലെത്തിച്ചു.
ഓര്‍മക്കുറവുള്ള വൃദ്ധ പരിചയക്കാരില്‍നിന്നും പണം ആവശ്യപ്പെടാറുണ്ട്. ഇത്തരത്തില്‍ മനോജിനോട് പണം ആവശ്യപ്പെടുകയും നല്‍കാത്തതിന്റെ പേരില്‍ വഴക്കുണ്ടാക്കാറുള്ളതും പതിവായിരുന്നു.
ഇതിന്റെ പേരിലാണ് വൃദ്ധയോട് ഇയാള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നത്. ജോലിയൊന്നുമില്ലാത്ത മനോജും തികഞ്ഞ മദ്യപാനിയാണ്. ആക്രിക്കച്ചവടവും മറ്റും ചെയ്തു ജീവിക്കുന്ന ഇയാളുടെ ഭാര്യ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പിണങ്ങിപ്പോയി. ഓമനയും മനോജും മാത്രമാണ് വീട്ടില്‍ താമസം.