കൂത്തുപറമ്പ്: ആറാംമൈൽ പൂളബസാറിലെ കുറ്റേരി കുന്നുമ്മൽ വീട്ടിലേക്ക് അപ്രതീക്ഷിതമായി മരണം പടികടന്നെത്തുന്നത് രണ്ടര വർഷത്തിനിടെ ഇത് രണ്ടാം തവണ. ഇന്നലെ കൂത്തുപറമ്പ് പഴയ നിരത്തിൽ മതിൽ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് മനോജ് കൂടി മരണപ്പെട്ടതോടെ ഈ ദുരന്ത വാർത്ത കൂറ്റേരി കുന്നുമ്മൽ വീട്ടിന് താങ്ങാനാവാത്തതായി.
തേങ്ങ പറിക്കുന്നതിനിടെ തെങ്ങിൽ നിന്നും വീണ് മനോജിന്റെ ജ്യേഷ്ഠൻ രാജൻ മരണപ്പെട്ടിട്ട് ഈയ്യിടെ രണ്ടു വർഷം പൂർത്തിയായതേ ഉള്ളൂ. ഈ വിയോഗം ഏല്പിച്ച ആഘാതത്തിൽ നിന്നും പതിയെ മോചിതമാകുമ്പോഴേക്കും കടന്നെത്തിയ രണ്ടാമത്തെ മരണത്തിൽ വിറങ്ങലിച്ചു നില്ക്കുകയാണ് കുടുംബം.
ഒരു ദിവസം പോലും മുടങ്ങാതെ ജോലിക്കു പോകുന്ന സ്വഭാവക്കാരനായിരുന്നു മനോജ്. ജോലിയും വീടുമായി ഒതുങ്ങിക്കഴിയുന്ന ഇദ്ദേഹത്തെക്കുറിച്ച് നാട്ടുകാർക്കും നല്ലതേ പറയാനുള്ളൂ. അങ്ങിനെ പതിവുപോലെ ഇന്നലെയും സഹ തൊഴിലാളികളോടൊപ്പം ജോലിക്കു പോയതായിരുന്നു മനോജ്.
സ്വകാര്യ വ്യക്തിയുടെ പറമ്പിന് ചുറ്റും ചെങ്കൽ മതിൽ കെട്ടുന്ന പ്രവൃത്തിയ്ക്കിടെയാണ് ഉയരത്തിലുള്ള പറമ്പിൽ നിന്നും കല്ലുകൾ ഉൾപ്പെടെ മണ്ണിടിഞ്ഞത്. പൂർണമായും മണ്ണിനടിയിൽപെട്ട മനോജിനെ രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. മറ്റ് തൊഴിലാളികൾ ഉടൻ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.വിവമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്.
മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് മരിച്ച യുവാവിന്റെ സംസ്കാരം നടത്തി
കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് പഴയനിരത്ത് മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് മരിച്ച യുവാവിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.ആറാം മൈൽ പൂള ബസാറിലെ കുറ്റേരിക്കുന്നുമ്മൽ വീട്ടിൽ കെ. മനോജ് (46) ആണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ മതിൽ നിർമാണത്തിനിടെ അപകടത്തിൽ പെട്ട് മരിച്ചത്.
സ്വകാര്യ വ്യക്തിയുടെ പറമ്പിന് ചുറ്റും ആറടിയോളം ഉയരത്തിൽ ചെങ്കൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പൂർണമായും മണ്ണിനടിയിൽ അകപ്പെട്ടു പോയതിനാൽ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മനോജിന്റെ മൃതദേഹം പുറത്തെടുത്തത്.
മണ്ണിടിയുന്നതു കണ്ട് മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. മനോജ് ഉൾപ്പെടെ നാല് പുരുഷൻമാരും മൂന്ന് സ്ത്രീകളുമായിരുന്നു ജോലിക്കുണ്ടായിരുന്നത്. പൂള ബസാറിലെ പരേതനായ കുമാരൻ – കല്ലു ദമ്പതികളുടെ മകനാണ് മരിച്ച മനോജ്. ഭാര്യ: പ്രസീത. മക്കൾ: പ്രണവ്, പ്രദുൽ.സഹോദരങ്ങൾ: ദിവാകരൻ, മുകുന്ദൻ, രമേശൻ, രാജീവൻ, പരേതനായ രാജൻ.