കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിനെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കി മനൂപ്. ലക്നൗവിൽ നടന്ന മൂന്നാമത് ഖേലോ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക്സ് മീറ്റിൽ കോളജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർഥിയായ എം. മനൂപ് 400 മീറ്റർ ഹർഡിൽസിൽ (53.1 സെക്കൻഡ്) എംജി സർവകലാശാലയ്ക്കു വേണ്ടി സ്വർണമെഡൽ നേടി.
അന്തർ സർവകലാശാല മീറ്റിലെ ആദ്യ എട്ടു സ്ഥാനക്കാർ മത്സരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ കായിക മത്സരത്തിലായിരുന്നു ഈ നേട്ടം.
പാലക്കാട് വടവന്നൂർ സ്വദേശികളായ കോരത്തുപറമ്പ് മുരളീധരൻ – ഷീബ ദമ്പതികളുടെ മകനായ മനൂപ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ സംസ്ഥാന സ്പോർട്സ് കൗൺസിൽ അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്.
2015 മുതലാണ് കോളജിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ അക്കാഡമി പ്രവർത്തനം ആരംഭിച്ചത്. ദേശീയ, സംസ്ഥാന, സർവകലാശാലാ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ എസ്ഡി കോളജിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
കോളജിലെ കായിക വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അക്കാഡമിക്ക് നേതൃത്വം നൽകുന്നതു കായികവകുപ്പ് മേധാവി പ്രഫ. പ്രവീൺ തര്യനും അക്കാഡമിയിലെ മുഖ്യ പരിശീലകൻ ബൈജു ജോസഫുമാണ്. ഇരുപതോളം കായിക വിദ്യാർഥികൾ അക്കാഡമിയിൽ നിലവിൽ പരിശീലനം നേടുന്നുണ്ട്.