തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. സർക്കാർ ഉദ്യോഗസ്ഥ മനോരമയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പശ്ചിമ ബംഗാൾ ജൽപായികുടി സ്വദേശി ആദം അലി (21) യെ കേരള പോലീസിന് കൈമാറി. ബുധനാഴ്ച പുലർച്ചെയോടെ പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും.
മെഡിക്കൽ കോളജ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് രാവിലെ ചെന്നൈയിൽ എത്തിയിരുന്നു.
ഇന്ന് അവധി ദിനമായതിനാൽ ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ ശേഷമാകും പ്രതിയുമായി അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് തിരിക്കുക.
തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് തിരുവനന്തപുരം സിറ്റി പോലീസിന്റെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പോലീസ് യുവാവിനെ ചെന്നൈ റെയിൽവെ സ്റ്റേഷനിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
പിന്നാലെ വിവരം കേരള പോലീസിന് കൈമാറി. പ്രതി പിടിയിലായതോടെയാണ് അന്വേഷണ സംഘം ചെന്നൈയിലേക്ക് റോഡ് മാർഗം തിരിച്ചത്.
ഞായറാഴ്ച രാത്രിയാണ് വയോധികയായ വീട്ടമ്മയെ പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിൽ തള്ളുകയായിരുന്നു.
മനോരമയുടെ കാലുകൾ കല്ലുകൊണ്ട് കൂട്ടികെട്ടിയ ശേഷമാണ് മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ചത്.
മനോരമയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണമാല, കമ്മൽ, വള ഉൾപ്പെടെ ആറ് പവനോളം വരുന്ന സ്വർണാഭരണങ്ങൾ ഇയാൾ അപഹരിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മൃതദേഹം വലിച്ചിഴച്ച് കിണറിലേക്ക് തള്ളുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
അടുത്ത വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലെ ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് കൊലപാതകം നടത്തിയത് ആദം അലിയാണെന്ന് പോലീസ് ഉറപ്പിച്ചത്. സ്വർണാഭരണങ്ങൾ തട്ടിയെടുക്കാനാണ് പ്രതി ക്രൂരകൃത്യം ചെയ്തത്.
ഞായറാഴ്ച വീട്ടമ്മയുടെ ഭർത്താവ് ദിനരാജ് വർക്കലയിലുള്ള മകളുടെ വീട്ടിലേക്ക് പോയിരുന്നു. ഇത് മനസിലാക്കിയ പ്രതി ഈ സമയം കൊലപാതകത്തിന് തെരഞ്ഞെടുക്കുകയായിരുന്നു.
മനോരമയുടെ വീടിന് സമീപം മറ്റൊരാളിന് വേണ്ടി നിർമിക്കുന്ന കെട്ടിട പണിക്കായി ഏതാനും നാളുകൾക്കുമുൻപാണ് ആദം അലിയും കൂടെയുള്ള അഞ്ച് പേരും ജോലിക്കെത്തിയത്.
അയൽവീട്ടിൽ താമസിച്ച് വന്നിരുന്ന ഇയാൾ ഉൾപ്പെടെയുള്ളവർ കുടിവെള്ളം അടക്കമുള്ള ആവശ്യങ്ങൾക്കായി വയോധികയുടെ വീടിനെയാണ് ആശ്രയിച്ചിരുന്നത്.
ഞായറാഴ്ച ദിനരാജ് വർക്കലയിലേക്ക് പോയപ്പോൾ വീട്ടിൽ അൻപതിനായിരത്തോളം രൂപ സൂക്ഷിച്ചിരുന്നു. ഇത് മനസിലാക്കി പണവും സ്വർണവും തട്ടാനാണ് പ്രതി കൃത്യം നടത്തിയത്.
മകളുടെ വീട്ടിൽ നിന്നും വൈകുന്നേരത്തോടെ കേശവദാസപുരത്തെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ കാണാതായ വിവരം റിട്ട. ഉദ്യോഗസ്ഥനായ ദിനരാജ് അറിഞ്ഞത്.
പോലീസിൽ പരാതി നൽകിയ ശേഷം നടത്തിയ തെരച്ചിലിലാണ് അടുത്തവീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.