സ്വന്തംലേഖകൻ
തൃശൂർ: നഗരഹൃദയ ഭാഗത്ത് കെഎസ്ആർടിസി – ശക്തൻ റിംഗ് റോഡിന്റെ പാതയോരങ്ങളിൽ കച്ചവടം നടത്തുന്ന മണ്‍പാത്ര വില്പനക്കാരുടെ ജീവിതം ദുരിതത്തിൽ. കൊറോണ ഏല്പിച്ച ആഘാതത്തിൽനിന്നു പഴയ ജീവിതത്തിലേക്കു മടങ്ങിവരാനുള്ള ഇവരുടെ പരിശ്രമത്തിനു കച്ചവടത്തിന്റെ ഇടിവും കളിമണ്ണിന്റെ ലഭ്യതക്കുറവും വലിയ തിരിച്ചടിയായിരിക്കയാണ്.
“മണ്ണ് ചതിക്കില്ല’ എന്ന വിശ്വാസത്തിലാണ് 22 വർഷമായി മണ്‍പാത്ര നിർമാണം കുലത്തൊഴിലായി കൊണ്ടുനടന്നിരുന്നത്. എന്നാൽ, കളിമണ്ണും മണലും എടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ഇവർ പ്രതിസന്ധിയിലായി. കളിമണ്ണു കിട്ടാനില്ലാത്തതും വിറകിനും ചകിരിക്കും വിലകൂടിയതും ഇവരെ കാര്യമായി ബാധിച്ചു.
പാലിയേക്കരയിലെ ഓട് നിർമാണ കന്പനിയിൽനിന്നു തീ വില കൊടുത്താണ് ഇപ്പോൾ കളിമണ്ണ് വാങ്ങുന്നത്. അതും പലപ്പോഴും കിട്ടാറുമില്ല. സ്വന്തമായി നിർമിക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ ഷൊർണൂർ, നടത്തറ, പൂച്ചെട്ടി എന്നിവടങ്ങളിൽനിന്ന് അധിക വിലനൽകി മണ്‍പാത്രങ്ങൾ വാങ്ങി വില്പന നടത്തേണ്ടി വരികയാണ്. വില കൂടുതലായതിനാൽ പലരും മടങ്ങിപ്പോകാറാണു പതിവ്.
ഒരു പാത്രം വിൽക്കുന്പോൾ അന്‍പതു രൂപ മാത്രമേ ലാഭം ലഭിക്കുന്നുള്ളൂ. ഇതുകൊണ്ടു നിത്യചെലവിനു പോലും തികയുന്നില്ലെന്നു മണ്‍പാത്ര വില്പന നടത്തുന്ന കുമാരി സുരേഷ് പറഞ്ഞു. വണ്ടിക്കൂലിക്കുപോലും പണം തികയാതെ കടം വാങ്ങി സങ്കടപ്പെട്ട് തിരികെ വീട്ടിലേയ്ക്കു പോകേണ്ട അവസ്ഥകളും ഉണ്ടായിട്ടുണ്ട്.
കരകയറാനാകാതെ…
കോവിഡ് കാലത്ത് ഇടിഞ്ഞ കച്ചവടം ഇനിയും പച്ചപിടിച്ചിട്ടില്ല. കോവിഡിനു മുന്‍പു മുപ്പതോളം കച്ചവടക്കാർ ഉണ്ടായിരുന്നിടത്ത് ഇന്നു നേർപ്പകുതിയായി. കച്ചവടം നടക്കാതെ വന്നതോടെ മഴയിൽ കുതിർന്ന് മണ്‍പാത്രങ്ങൾ മിക്കവയും നശിച്ചുപോയി. വിറ്റുപോയവയുടെ പണം പലതും തിരിച്ചുകിട്ടാനുമുണ്ട്.
പാതയോരങ്ങളിലെ കച്ചവടം ഒഴിവാക്കാനായി കോടികൾ ചെലവഴിച്ചു പണിപൂർത്തിയാക്കിയ കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം ഇന്നും നോക്കുകുത്തിയാണ്. ഓരോരുത്തർക്കും സ്ഥലം അനുവദിച്ചു നൽകിയിട്ടുണ്ടെങ്കിലും ആരെയും ഇവിടേക്കു മാറ്റിയിട്ടില്ല.
ലാഭമില്ലാത്തതിനാൽ പുതിയ തലമുറയിലെ അധികംപേരും ഈ മേഖല വിട്ടുപോയി. തൊഴിലിനോടുള്ള താല്പര്യവും കുടുബപശ്ചാത്തലവും സാഹചര്യവുമാണ് ശേഷിക്കുന്നവരെ ഇവിടെ പിടിച്ചുനിർത്തുന്നത്.
പരന്പരാഗത തൊഴിലായതിനാൽ വേറെയൊരു ജോലി യും ഇവർ ശീലിച്ചിട്ടുമില്ല.സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ സഹായം കിട്ടിയാലെ തൊഴിൽ മേഖലയിൽ പിടിച്ചു നിൽക്കാനാകൂവെന്നും ഇവർ പറയുന്നു.