മട്ടന്നൂർ: മൺപാത്രങ്ങൾ വിറ്റഴിക്കാനാകാതെ തൊഴിലാളികൾ പ്രതിസന്ധിയിൽ. ചാവശേരിപ്പറമ്പിലെ 15 കുടുംബങ്ങൾ നിർമിച്ച മൺപാത്രങ്ങളാണ് വാങ്ങാനാളില്ലാതെ വീടിനുമുന്നിൽ കെട്ടിക്കിടക്കുന്നത്.
പരമ്പരാഗതമായി ജോലി ചെയ്യുന്ന കുടുംബങ്ങൾ വിഷു ലക്ഷ്യമിട്ടാണ് മൺപാത്രങ്ങൾ നിർമിച്ചത്.
15 വീടുകളിലായി സ്ത്രീകൾ അടക്കമുള്ള 25 പേർ ചേർന്നാണ് വിവിധതരം മൺപാത്രങ്ങൾ നിർമിച്ചത്. വീടിനോട് ചേർന്നു ഷെഡ് കെട്ടിയാണ് കുടുംബങ്ങൾ മൺപാത്രങ്ങൾ നിർമിക്കുന്നത്. വിഷുവിന് ആവശ്യക്കാർ കൂടുതലുണ്ടാകുമെന്നതിനാൽ കൂടുതൽ മൺപാത്രങ്ങൾ നിർമിച്ചു വയ്ക്കുകയായിരുന്നു.
ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാനും വിൽക്കാനും സാധിക്കാതെ വന്നതോടെ ഇവരുടെ എല്ലാ പ്രതീക്ഷകളും ഇല്ലാതാകുകയായിരുന്നു. ഓരോ വീടുകളിലും ആയിരം മുതൽ രണ്ടായിരം വരെ മൺപാത്രങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. വീടിനകത്തും മുറ്റത്തുമായാണ് പാത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ ചിലയിടങ്ങളിൽ പാത്രങ്ങൾ ചൂളയിൽ നിന്ന് പുറത്തെടുക്കാതെ വച്ചിരിക്കുകയാണ്. കറിച്ചട്ടി, കൂജ, കുടുക്ക, ചെടിച്ചട്ടി തുടങ്ങിയവയാണ് വീടുകളിൽ കെട്ടിക്കിടക്കുന്നത്.
ചാവശേരിപ്പറന്പിൽ കെ.പി. കൃഷ്ണൻ, കെ.ഉഷ, എ.ശ്രീജ, കെ.ലക്ഷ്മി, എ.സി.നാരായണൻ തുടങ്ങിയവർ ചേർന്നാണ് മൺപാത്ര നിർമാണം നടത്തുന്നത്. നിർമിക്കുന്ന പാത്രങ്ങൾ കണ്ണൂർ, തലശേരി, മട്ടന്നൂർ, ഇരിട്ടി ടൗണുകളിലെ കടകളിൽ എത്തിച്ചാണ് വില്പന. തലച്ചുമടായി കൊണ്ടുപോയി വിൽക്കാറുണ്ട്.
മഴക്കാലം ആരംഭിച്ചതിനാൽ ഇപ്പോഴും പാത്രങ്ങൾ കൊണ്ടുപോയി വിൽക്കാനാകുന്നില്ല. പാത്രം നിർമിക്കാനുള്ള കളിമണ്ണ് വയനാട്, വടകര, മലപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് വൻതുക നൽകി കൊണ്ടുവരുന്നത്.
കളിമണ്ണിന് പുറമെ വിറക്, ചകിരി, പുല്ല് എന്നിവയും എത്തിക്കണം. പരമ്പരാഗതമായി ചെയ്യുന്ന ജോലിയായതിനാൽ വേറെ ഒരു ജോലിയും ഇവർ ശീലിച്ചിട്ടില്ല.