കൊടകര: കുംഭാരകോളനിയിൽ പ്രവർത്തിച്ചിരുന്ന മണ്‍പാത്ര നിർമാണ തൊഴിലാളി സഹകരണ സംഘം പുനരുദ്ധരിക്കാൻ പദ്ധതിയൊരുങ്ങുന്നു. മണ്ണടിഞ്ഞുപോകുന്ന മണ്‍പാത്രനിർമാണ മേഖലക്ക് പുതുജീവൻ പകരാൻ സംഘത്തിന്റെ പുനരുദ്ധാരണം സഹായകരമാകും.
മണ്‍പാത്ര നിർമാണം കുലത്തൊഴിലായുള്ള നൂറോളം കുടുംബങ്ങളാണ് കൊടകര കുംഭാരകോളനിയിൽ ഉള്ളത്. ഇവരുടെ ക്ഷേമത്തിനായാണ് അരനൂറ്റാണ്ട് മുന്‍പ് ഖാദി ഗ്രാമവ്യവസായ ബോർഡന്റിന്റെ സഹായത്തോടെ കോളനിയിൽ മണ്‍പാത്ര നിർമാണ സഹകരണ സംഘം രൂപീകരിച്ചത്.
കളിമണ്ണിന്റെ ലഭ്യത കുറഞ്ഞതും ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ഡിമാന്റില്ലാതായതും സംഘത്തിന്റെ പ്രവർത്തനത്തെ അവതാളത്തിലാക്കിയത്. ഇതോടെ കോളനിക്കകത്ത് പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ കെട്ടിടവും ചൂളയും അനുബന്ധ സംവിധാനങ്ങളും അനാഥമായി. മണ്ണരക്കുന്നതിനുള്ള പുതിയ പക്ക മിൽ സ്ഥാപിച്ച് കൊണ്ട് സംഘം നവീകരിക്കാനുള്ള ശ്രമം നടന്നിരുന്നു.
ഇതനുസരിച്ച്് വൻ തുക മുടക്കി പക്കമില്ലും മോട്ടോറും വാങ്ങി സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ പദ്ധതി പ്രാവർത്തികമായില്ല. പക്കമില്ലിന്റെ യന്ത്രഭാഗങ്ങൾ തുരുന്പെടുത്ത നിലയിൽ ഇവിടെ ഇപ്പോഴുമുണ്ട്. സംഘത്തിന്റെ പണിശാല പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ ജീർണിച്ച് നിലം പൊത്തിയിട്ട് വർഷങ്ങളായി.
ചൂള സ്ഥിതി ചെയ്യുന്ന കെട്ടിടം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. സർക്കാർ സഹായത്തോടെ മണ്‍പാത്ര നിർമാണ സഹകരണ സംഘം പുനരുദ്ധരിക്കാനുള്ള തീരുമാനത്തിൽ കോളനി നിവാസികൾ ഏറെ പ്രതീക്ഷയിലാണ്. കൊടകര കുഭാരകോളനിയുടെ വികസനത്തിന് സംസ്ഥാന പിന്നോക്ക ക്ഷേമ വകുപ്പ് അനുവദി്ച്ചിട്ടുള്ള ഒരു കോടിരൂപയിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് മണ്‍പാത്ര നിർമാണ സഹകരണ സംഘം വീണ്ടെടുക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ആധുനിക രീതിയിലുള്ള മണ്‍പാത്ര നിർമാണ ശാലയും ഇതോടനുബന്ധിച്ച് വിപണന കേന്ദ്രവും സ്ഥാപിക്കാനാണ് പദ്ധതി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കോളനിയിലെ നിരവധി കുടുംബങ്ങൾക്ക് പരന്പരാഗത തൊഴിലിലൂടെ ഉപജീവനത്തിനുള്ള വഴിതെളിയുമെന്നാണ് പ്രതീക്ഷ