വെല്ലിംഗ്ടൺ: ന്യൂസിലൻഡ് ക്രിക്കറ്റ് താരം കോളിൻ മണ്‍റോ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. അടുത്ത മാസം ആരംഭിക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെയാണ് മണ്‍റോയുടെ വിരമിക്കൽ തീരുമാനം.
2020ൽ ഇന്ത്യക്കെതിരേ നടന്ന ട്വന്റി-20 മത്സരത്തിലാണ് മണ്‍റോ അവസാനമായി കളിച്ചത്. മുപ്പത്തേഴുകാരനായ ഇടംകൈയൻ ബാറ്റർ ദേശീയ ടീമിലേക്കുള്ള വിളിയും കാത്ത് നാല് വർഷമായി കാത്തിരിപ്പിലായിരുന്നു.
2012ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു ട്വന്റി-20 അരങ്ങേറ്റം. 2018ൽ വെസ്റ്റിൻഡീസിനെതിരേ ഏറ്റവും വേഗറേിയ ന്യൂസിലൻഡ് താരത്തിന്റെ സെഞ്ചുറി നേട്ടം കൊയ്തത് 47 പന്തിൽ. ട്വന്റി-20ൽ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ താരവും മണ്‍റോ ആണ്.
2016ൽ ശ്രീലങ്കയ്ക്കെതിരേ 14 പന്തിൽ അർധശതകം തികച്ച മണ്‍റോ വേഗമേറിയ ന്യൂസിലൻഡ് താരത്തിന്റെ അർധശതകമെന്ന റിക്കാർഡും സ്വന്തം പേരിലാക്കി.
ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസ്, മുംബൈ ഇന്ത്യൻസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ഭാഗമായിട്ടുണ്ട്.