വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ച സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളായ അഞ്ചുപേര്‍ അറസ്റ്റില്‍.
മകള്‍ക്കൊപ്പം ഒളിച്ചോടിയതിന് യുവാവിനെതിരേ പ്രതികാരം ചെയ്ത യുവതിയുടെ അച്ഛനും നാലു സഹോദരങ്ങളുമാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു.
രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ആക്രമണത്തിന് ഇരയായ 25കാരനായ ഹമീദ് ഖാന് നല്കിയ പരാതിയിലാണ് നടപടി.
ജനുവരിയിലാണ് ഹമീദ് യുവതിക്കൊപ്പം ഒളിച്ചോടിയത്. അജ്മീറിലെ ഗെഗാള്‍ ഗ്രാമത്തില്‍ വാടക വീട് എടുത്ത് താമസിക്കുന്നതിനിടെ യുവതിയുടെ അച്ഛനും സഹോദരങ്ങളും വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയതായി ഹമീദിന്റെ പരാതിയില്‍ പറയുന്നു.
തന്റെ കാമുകിയെ ഭര്‍ത്താവിന്റെ അരികിലേക്ക് അയച്ചശേഷം തന്നെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതിയില്‍ പറയുന്നു.
ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഹമീദിനെ തടാകത്തിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മൂക്ക് മുറിച്ചതെന്ന് പോലീസ് പറയുന്നു.
അരിവാള്‍ ഉപയോഗിച്ചാണ് മൂക്ക് മുറിച്ചത്. തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയ ഹമീദ്, പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഹമീദിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ പ്രതികളെ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. യുവതിയുടെ വീട്ടുകാരുടെ പ്രവൃത്തി കിരാതമെന്നും പോലീസ് പറയുന്നു.