തൃശൂർ: നൃത്ത പരിപാടികള്‍ ക്ഷേത്ര പരിസരത്തിനുള്ളിലായതിനാലാണ് മന്‍സിയയെ നൃത്തപരിപാടിയില്‍ നിന്നുമൊഴിവാക്കിയതെന്ന് കൂടല്‍മാണിക്യം ക്ഷേത്രം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്.
ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള നൃത്ത പരിപാടിയില്‍ നിന്നും മന്‍സിയയെ ഒഴിവാക്കിയ നടപടി വിവാദമായ സാഹചര്യത്തിലാണ് ക്ഷേത്രം ഭാരവാഹികള്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
പത്രത്തില്‍ പരസ്യം നല്‍കിയാണ് കലാപരിപാടികള്‍ ക്ഷണിച്ചത്. പത്ര പരസ്യത്തില്‍ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണ്.
ക്ഷേത്രമതിലിനകത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് പരിപാടികള്‍ നടത്തുന്നത്. അവിടെ തന്നെയാണ് കൂത്തമ്പലവും സ്ഥിതിചെയ്യുന്നത്.
നൂറുകണക്കിന് അപേക്ഷകളാണ് ഇത്തവണ വന്നത്. വിദഗ്ധ സമിതിയാണ് അപേക്ഷകരില്‍ നിന്നും കലാകാരന്മാരെ തെരഞ്ഞെടുക്കുന്നത്.
അടുത്ത ഘട്ടമായി കച്ചീട്ടാക്കുന്നതിനായി ദേവസ്വം ഓഫീസ് പരിശോധിച്ചപ്പോഴാണ് ഈ കലാകാരി ഹിന്ദുവല്ലെന്ന് ബോധ്യപ്പെടുന്നത്. നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല.
ഈ കലാകാരിക്ക് പരിപാടി അവതരിപ്പിക്കാന്‍ പറ്റാത്തതില്‍ ദുഃഖമുണ്ട്. പക്ഷെ നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ഭരണസമിതി ബാധ്യസ്ഥമാണെന്നും പ്രദീപ് മേനോന് പറഞ്ഞു.