തലശേരി: പാനൂരിനടുത്ത കടവത്തൂർ പുല്ലുക്കര മുക്കിൽപീടികയിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ സഹോദരനും മുസ്ലിംലീഗ് പ്രവർത്തകനുമായ യുവാവിനെ വെട്ടിക്കൊന്നു.
അക്രമി സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. സംഭവ സ്ഥലത്തു നിന്നു വാൾ കണ്ടെടുത്തു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുന്നു.
മുക്കിൽ പീടിക പാറാൽ വീട്ടിൽ മൻസൂറാണ് (22) കൊല്ലപ്പെട്ടത്. മൻസൂറിന്റെ സഹോദരനും തയ്യുള്ളതിൽ മുക്കിൽ എൽപി സ്കൂളിലെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റും യൂത്ത് ലീഗ് പുല്ലൂക്കര ശാഖ സെക്രട്ടറിയുമായ മുഹസിനെ (26) സാരമായ പരിക്കുകളോടെ കോഴിക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുപത്തിയഞ്ചോളം വരുന്ന സിപിഎം സംഘം ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം മൻസൂറിനെയും സഹോദരനേയും വെട്ടി വീഴ്ത്തുകയായിരുന്നുവെന്ന് മുസ്ലിംലീഗ് പ്രവർത്തകർ പറഞ്ഞു.
“ഈ ദിവസം നിങ്ങൾ ഓർമിക്കും’ എന്ന സിപിഎം പ്രവർത്തകന്റെ മൊബൈൽ സ്റ്റാറ്റസിനു പിന്നാലെയാണ് അക്രമം അരങ്ങേറിയതെന്നും ലീഗ് പ്രവർത്തകർ പറഞ്ഞു. ബോംബറിൽ ഒരു യുവതിക്കും പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് സംഭവം.
വെട്ടേറ്റ് ഇടതു കാൽ അറ്റ് തൂങ്ങിയ മൻസൂറിനേയും സഹോദരൻ മുഹസിനേയും ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് കോഴിക്കാട്ടേക്ക് മാറ്റിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മൻസൂർ പുലർച്ചെ ഒന്നരയോടെ മരണമടയുകയായിരുന്നു.
മൻസൂറിന്റെ അയൽവാസിയായ പുതുശേരി വീട്ടിൽ റമീസയെ (25) യാണ് ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റത്തിനെ തുടർന്ന് തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ചെവിയിൽ രക്തം വാർന്ന നിലയിലാണ് റമീസയെ ആശുപത്രിയിലെത്തിച്ചത്.
സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ, തലശേരി എസിപി സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ സായുധ സംഘർഷ പ്രദേശത്തളിൽ നിലയുറപ്പിച്ചിട്ടുണ്ട്.
മൻസൂറിന്റെ മൃതദേഹം ചൊക്ലി സിഐ സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം ഇൻക്വസ്റ്റ് നടത്തി.
കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മുക്കിൽ പീടിക പാറാൽ ജുമ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.
മുസ്തഫ – സക്കീന ദമ്പതികളുടെ മകനാണ് മൻസൂർ. മറ്റ് സഹോദരങ്ങൾ: മുനീബ്, സൽമാൻ, മുബീൻ.
ഇന്നലെ പകൽ ബൂത്തിനടുത്ത് വച്ച് സിപിഎം പ്രവർത്തകർക്ക് മർദനമേറ്റിരുന്നു. പരിക്കേറ്റ സിപിഎം പ്രവർത്തകരായ പുല്ലുക്കരയിലെ ഒതയോത്ത് സ്വരൂപ്(22), സി. ദാമോദരൻ (52) എന്നിവരെ പാനൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുസ്ലിംലീഗ് പ്രവർത്തകർ അക്രമിച്ചതായാണ് പരാതി. ഇതിന്റെ തുടർച്ചയാണ് രാത്രിയിലെ അക്രമമെന്നാണ് സൂചന.
നിർണായക തെളിവുകളടങ്ങിയ മൊബൈൽ കണ്ടെടുത്തു
തലശേരി: പാനൂർ കടവത്തൂർ മുക്കിലെ പീടികയിൽ മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായകമായ തെളിവുകൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെടുത്തു.
സംഭവ സ്ഥലത്തു നിന്നുമാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്. ഇതിനു പുറമെ ഒരു കൊടുവാളും കണ്ടെത്തിയിരുന്നു. കൂടാതെ സംഭവ സ്ഥലത്ത് വീട് വൃത്തിയാക്കുന്ന മോപ്പും പാത്രങ്ങളും കാണപ്പെട്ടു.
മൻസൂറിനെ അക്രമിക്കുന്നത് തടയാനെത്തിയ പരിസരത്തെ വീട്ടമ്മയുടെ കൈയിൽ നിന്ന് വീണതാണ് പാത്രവും മോപ്പുമെന്ന് നാട്ടുകാർ പറഞ്ഞു.
മൻസൂറിനെ അക്രമിച്ച സംഘത്തിലെ ഒരാളെ അക്രമത്തിൽ പരിക്കേറ്റ മുഹസിൻ തന്നെയാണ് പിടികൂടിയത്. സ്ത്രീകൾ ഉൾപ്പെടെ വട്ടമിട്ട് പിടിച്ച ഇയാളെ പോലീസിനു കൈമാറുകയായിരുന്നു.
സിപിഎം പ്രവർത്തകനായ ഷിനോസാണ് പിടിയിലായത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.