പത്തനംതിട്ട: മണ്‍സൂണ്‍കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓണ്‍ലൈന്‍, മൊബൈല്‍ ആപ് സംവിധാനങ്ങള്‍കൂടി ജില്ലാതലത്തില്‍ ഉണ്ടാകണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ്.ദുരന്തമുണ്ടായാല്‍ ആ സമയത്തെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ചടുലമാക്കാന്‍ ഇത് സഹായിക്കുമെന്നും മണ്‍സൂണ്‍കാല മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗത്തില്‍ അധ്യക്ഷതവഹിച്ച കളക്ടര്‍ അഭിപ്രായപ്പെട്ടു.
ദുരന്തങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ ജില്ലാതലത്തില്‍ ഓരോ വകുപ്പിനും ഉണ്ടാകണം. എവിടെയാക്കെ ക്യാമ്പുകള്‍ ആരംഭിക്കാം, അവിടെ എന്തൊക്കെ നടപടികള്‍ അതാത് വകുപ്പുതലങ്ങളില്‍ സ്വീകരിക്കാനുണ്ട്, രക്ഷാ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയും തയാറാക്കണം. ഉപകരണങ്ങളുടെ കാലപ്പഴക്കം, പ്രവര്‍ത്തനക്ഷമമാണോയെന്നും അവ ആരുടെ കീഴിലാണ് സൂക്ഷിക്കുന്നതെന്നതു സംബന്ധിച്ച പട്ടികയും തയാറാക്കണം.
ഓരോ വകുപ്പിലെയും ചുതമലപ്പെട്ട ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും ടെലിഫോണ്‍, ഇമെയില്‍ വിവരങ്ങളും അടങ്ങിയ പട്ടിക പുതുക്കിവയ്ക്കണം. ഫോണ്‍ നമ്പരുകള്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് ഉറപ്പുവരുത്തണം. ജില്ലാ തലങ്ങളില്‍ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം സ്ഥാപിക്കുകയും ഇതിനു വാട്സ് ആപ് സൗകര്യത്തോടു കൂടിയ സ്ഥിരമായ ഫോണ്‍ നമ്പറുണ്ടാകണമെന്നും നിര്‍ദേശിച്ചു.കുറഞ്ഞത് 30 പ്രദേശമെങ്കിലും ഇതിനായി കണ്ടെത്തണണം.
വരള്‍ച്ച സംബന്ധമായതിനു പുറമേ തീപിടിത്തം, ഉരുള്‍പൊട്ടല്‍ എന്നിവയിലും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ഡ്രില്ലുകള് സംഘടിപ്പിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, എഡിഎം എഫ്. ക്ലമന്റ് ലോപ്പസ്, എഎസ്പി എസ്. ശിവപ്രസാദ്, ഡിഎംഒ(എച്ച്) ഡോ. എ.എല്‍. ഷീജ, ബന്ധപ്പെട്ട മറ്റ് വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.