തിരുവനന്തപുരം: മണ്‍സൂണ്‍ ബംബർ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായി ലഭിച്ച തുക ഭാഗ്യശാലികൾക്ക് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ കൈമാറി.
മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മസേനയിലെ പ്രവർത്തകർക്കാണ് മന്ത്രി തുക കൈമാറിയത്. ഇന്ന് രാവിലെ ഗോർഖി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ആന്റണിരാജു, എം.ബി.രാജേഷ്, ലോട്ടറി വകുപ്പ് അധികൃതർ എന്നിവർ പങ്കെടുത്തു.
ടിക്കറ്റ് വിലയായ 250 രൂപയിൽ 25 രൂപ വീതം ഒന്‍പത് വനിതകളും ബാക്കി 25 രൂപ രണ്ട് പേർ ചേർന്നുമാണ് ഇട്ടത്. സമ്മാനം ലഭിച്ചാൽ തുക തുല്യമായി വീതം വയ്ക്കുമെന്ന് ഹരിതകർമ്മസേന പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു.
മണ്‍സൂണ്‍ ബംന്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയായിരുന്നു. എന്നാൽ നികുതിയും ഏജൻസി കമ്മീഷനും കഴിച്ച് 6.16 കോടി രൂപയുടെ ചെക്കാണ് ഭാഗ്യശാലികൾക്ക് മന്ത്രി കൈമാറിയത്.