ഷൊർണൂർ: വർഷക്കാലത്തിനുമുന്പ് കാലപ്പഴക്കം വന്ന വൈദ്യു തി ലൈനുകളും പോസ്റ്റുകളും മാറ്റണമെന്ന തീരുമാനം പ്രാവർത്തികമാക്കാൻ കെഎസ്ഇബിക്ക് ഇത്തവണയും കഴിഞ്ഞില്ല. മുൻവർഷങ്ങളിലേതുപോലെ വഴിപാട് ഒരുക്കുന്ന രീതിയിലുള്ള പ്രവൃത്തികളാണ് ജോലിക്കാരിൽ നിന്നും ഉണ്ടായിട്ടുള്ളത്.
വർഷക്കാലത്തിനുമുന്പ് മേല്പറഞ്ഞ പ്രവൃത്തികൾ കുറ്റമറ്റ രീതിയിൽ പ്രാവർത്തികമാക്കുകയും ഇതിന് ജീവനക്കാരെ സജ്ജമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം മേലുദ്യോഗസ്ഥന്മാർ മറന്നതാണ് അനുഭവങ്ങൾ നല്കുന്ന വിവരം.
വർഷക്കാലത്ത് ഇലക്ട്രിക് ലൈനുകളുടെ മുകളിലേക്ക് മരക്കൊന്പുകൾ തൂങ്ങിനില്‍ക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതുമായ മരങ്ങൾ മുറിച്ചുനില്ക്കുകയും ചെയ്യേണ്ട ജോലികളിലും കഐസ്ഇബി ജീവനക്കാർ ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയിട്ടുള്ളത്.
നാമമാത്രമായ പ്രവൃത്തികളാണ് ഇക്കാര്യത്തിലും ഇവർ നടപ്പാക്കിയിട്ടുള്ളത്. ഇതിനാൽ വൈദ്യുതിലൈനുകളിലേക്ക് കൂറ്റൻമരക്കൊന്പുകൾ തൂങ്ങിനില്‍ക്കുന്നതും മരങ്ങൾ പന്തലിച്ചുനില്ക്കുന്നതും വ്യാപക കാഴ്ചയാണ്. വർഷക്കാലത്തിനുമുന്പ് കാലപ്പഴക്കം വന്ന വൈദ്യുതികന്പികളും തൂണുകളും മാറ്റണമെന്നാണ് ചട്ടം.
അധികൃതരുടെ ഭാഗത്തുനിന്നും എല്ലാവർഷവും കൃത്യമായ ഉത്തരവ് ഉണ്ടാകാറുണ്ടെങ്കിലും ഇത് ഫലപ്രദമായി നടപ്പാക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ കൃത്യവിലോപം കാണിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ജീവനക്കാർ തങ്ങൾക്കു തോന്നിയ നിലയ്ക്ക് വഴിപാടൊരുക്കി പ്രവൃത്തികൾ അവസാനിപ്പിക്കും. വർഷക്കാലത്ത് വൈദ്യുതികന്പികൾ പൊട്ടി വീഴുന്നതു നിത്യസംഭവമാണ്.
ഭാഗ്യംകൊണ്ടു മാത്രമാണ് പലപ്പോഴും വൻദുരന്തങ്ങൾ വഴിമാറി പോകുന്നത്. ചിലയിടങ്ങളിൽ വൈദ്യുതികന്പികൾ മുറിഞ്ഞു ദിവസങ്ങൾ കഴിഞ്ഞാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നത്.എല്ലാവർഷവും വർഷകാലത്തിന് മുന്‍പുതന്നെ ലൈനുകളുടെ അറ്റകുറ്റപ്പണികളും പൊട്ടിയതും ഒടിഞ്ഞതുമായ പോസ്റ്റുകൾ മാറ്റും.
തർക്കമുള്ള പ്രവൃത്തികൾ ചെയ്യാറുണ്ടെന്നും ജീവനക്കാരുടെ കുറവ് യഥാസമയം പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യം ഒരുക്കാറുണ്ടെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരും ജീവനക്കാരും പറയുന്നത്.
അതേസമയം വർഷക്കാലത്ത് ആവർത്തിച്ചുള്ള വൈദ്യുതിമുടക്കം പരിഹരിക്കാനാവശ്യമായ നടപടികൾക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി കഐസ്ഇബി അധികൃതർ വ്യക്തമാക്കി. രാത്രികാലങ്ങളിൽ പ്രകൃതിക്ഷോഭങ്ങൾ നിമിത്തം ഉണ്ടാകുന്ന പ്രശ്നങ്ങൾപോലും ഉടനടി പരിഹരിക്കാനാവശ്യമായ നടപടികൾ അനുവർത്തിക്കുമെന്നാണ് അധികൃതർ നല്കുന്ന വിവരം.