തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിൽ മത്സ്യത്തൊഴിലാളികൾ ചില പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനായി പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഡൻ തീരത്ത് രൂപപ്പെട്ട സാഗർ ചുഴലിക്കാറ്റ് തെക്ക്-തെക്കുകിഴക്ക് ദിശയിലേക്കു നീങ്ങുന്നതിനാൽ, ഏഡൻ ഉൾക്കടലിലും സമീപപ്രദേശത്തും അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്തും മത്സ്യബന്ധനത്തിനായി പോകരുതെന്നാണു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഏഡൻ കടലിനു കിഴക്ക്-തെക്കുകിഴക്കായി 170 കിലോമീറ്റർ അകലെ സൊക്കാട്രോ ദ്വീപിനു പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി 70 കിലോമീറ്റർ ദൂരത്തിലുമായാണ് സാഗർ ചുഴലിക്കാറ്റ്. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിലേക്കു നീങ്ങി ശക്തികുറഞ്ഞ് സോമാലിയൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഇന്ത്യയിലെ തീരപ്രദേശങ്ങളെ ഇതു ബാധിക്കാനിടയില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കേരളത്തിൽ മേയ് 29-നു തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ (കാലവർഷം) എത്തുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 23-നു ആൻഡമാൻ സമുദ്രത്തിലേക്കും ബംഗാൾ ഉൾക്കടലിലേക്കും കാലവർഷം എത്തും.