ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്ന പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്. കേരളം ഉൾപ്പെടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സാധാരണയിലും കൂടുതൽ മഴ ലഭിക്കും. ചുട്ടുപൊള്ളുന്ന വേനൽ ചൂടിനിടയിലാണ് മൺസൂൺ നേരത്തെ എത്തുമെന്ന പ്രവചനം.
കാലവർഷം മേയ് പകുതിയോടെ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ പസഫിക് സമുദ്രത്തിലെ ഉഷ്ണജല പ്രവാഹങ്ങൾ തുടരുന്നതിനാൽ ജൂൺ, ജൂലൈ മാസങ്ങളിൽ മഴ അല്പം കുറയാനുള്ള സാധ്യതയുമുണ്ട്.
കൂടാതെ ഓഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കരുതുന്നത്. ഇത്തവണ മൺസൂൺ മഴയുടെ ദീർഘകാല ശരാശരി 106 ശതമാനം വരെയാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ പരക്കെ വേനൽമഴ ലഭിക്കുന്നതാണ്. വെള്ളിയാഴ്ച വരെ വേനൽമഴക്കും ഇടി മിന്നലിനുമുള്ള സാധ്യതയുണ്ട്.