ന്യൂഡൽഹി: മൺസൂൺ മെച്ചമാകുമെന്ന പ്രവചനത്തിൽ പ്രതീക്ഷയിലാണ് രാജ്യത്തിന്റെ വാഹനവിപണി. ഗ്രാമീണ മേഖലയിലെ വിപണിയിലെ വില്പന ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. നോട്ട് റദ്ദാക്കൽ ഗ്രാമീണ മേഖലയിലെ വാഹനവിപണിയിൽ കടുത്ത ആഘാതം സൃഷ്ടിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതിക്ക് ഗ്രാമീണ മേഖലയിൽ 17 ശതമാനം വില്പനനേട്ടമാണ് കഴിഞ്ഞ മൺസൂൺ സീസണിലുണ്ടായത്. ഇത് ഈ വർഷവും തുടരാനാകുമെന്ന വിശ്വാസത്തിലാണു കന്പനി. ആഭ്യന്തരവിപണിയിലെ മൊത്ത വില്പനയുടെ മൂന്നിൽഒന്ന് ഗ്രാമീണ വിപണയിൽനിന്നുള്ളതാണ്.
നോട്ട് റദ്ദാക്കലിനെത്തുടർന്ന് ഗ്രാമീണ മേഖലയിലെ വില്പനയിൽ 11 ശതമാനം ഇടിവാണ് കഴിഞ്ഞ നവംബറിലുണ്ടായത്. എന്നാൽ, ഡിസംബറിൽ 18 ശതമാനം വില്പനനേട്ടമുണ്ടാക്കാനും സാധിച്ചിരുന്നു.
ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ ഡബ്ല്യുആർവിക്ക് നഗരങ്ങളിലും ഗ്രാമങ്ങളിലും മികച്ച സ്വീകരണമാണു ലഭിക്കുന്നത്. മൺസൂൺ സീസണിൽ ഗ്രാമപ്രദേശങ്ങളിൽ ഡബ്ല്യുആർവിയുടെ വില്പന ഉയർത്താൻ ഉദ്ദേശിക്കുന്നതെന്നും ജ്ഞാനേശ്വർ സെൻ അറിയിച്ചു. കഴിഞ്ഞ സാന്പത്തികവർഷം ഹോണ്ടയുടെ ഗ്രാമീണമേഖലയിലെ വില്പനയിൽ 25 ശതമാനം ഉയർച്ചയാണ് റിപ്പോർട്ട് ചെയ്തത്.
2013-ൽ ഇത് 12 ശതമാനം ആയിരുന്നു.
മൺസൂൺ സീസണിൽ വില്പന ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ് ടയോട്ട. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൺസൂൺ മോശമായിരുന്നതിനാൽ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. ഈ വർഷം മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രവചനം ഏറെ പ്രതീക്ഷ നല്കുന്നുണ്ടെന്ന് ടയോട്ട കിർലോസ്കർ മോട്ടോർസ് ഡയറക്ടർ എൻ. രാജ പറഞ്ഞു.
മൺസൂൺ ലക്ഷ്യമാക്കി ഗ്രാമീണമേഖലയിൽ വില്പന ഉയർത്താനായി ഗ്രാമീണ മേഖലയിലെ ഡീലർമാർക്ക് കൂടുതൽ വാഹനങ്ങളാണ് ഹ്യുണ്ടായി നല് കുന്നത്. മുൻവർഷങ്ങളിലും മികച്ച നേട്ടമാണ് ഈ സീസണിൽ ഹ്യുണ്ടായിക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാന്പത്തികവർഷം 23 ശതമാനം വില്പനനേട്ടമാണ് ഗ്രാമീണമേഖല ഹ്യുണ്ടായിക്ക് നല്കിയത്.