ആലപ്പുഴ: കുട്ടനാട്ടിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കം ജില്ലയുടെ മണ്‍സൂണ്‍ ടൂറിസത്തിന് തിരിച്ചടിയായി. മുൻ വർഷത്തെ അപേക്ഷിച്ച് വിദേശ- ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻകുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയുടെ വിനോദസഞ്ചാര ഭൂപടത്തിൽ നിർണായകസ്ഥാനമുള്ള നെഹ്റുട്രോഫി ജലോത്സവത്തിന് മുന്നോടിയായി ആഴ്ചകൾക്ക് മുന്‍പ് തന്നെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ജില്ലയിലെത്തിയിരുന്നത്.
അമേരിക്ക, ഫ്രാൻസ്, ജർമനി തുടങ്ങിയ പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്നും ഗൾഫ് നാടുകളിൽ നിന്നുമുള്ള വിനോദസഞ്ചാരികളായിരുന്നു മണ്‍സൂണ്‍ കാലം ആസ്വദിക്കുന്നതിനായി ആലപ്പുഴയിലെത്തിയിരുന്നത്. കുട്ടനാടിന്റെ പച്ചപ്പിൽ മഴ ആസ്വദിക്കാനായി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് സ്വകാര്യ ടൂർ പാക്കേജുകാർ പ്രത്യേക പാക്കേജുകളും അവതരിപ്പിച്ചിരുന്നു.
എന്നാൽ അപ്രതീക്ഷിത വെള്ളപ്പൊക്കം ടൂറിസം മേഖലയുടെ പ്രതീക്ഷകളെയാകെ തകിടം മറിക്കുകയായിരുന്നു. സുരക്ഷ കണക്കിലെടുത്ത് വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ആലപ്പുഴയിലേക്കുള്ള സവാരി റദ്ദാക്കിയതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ സിംഹഭാഗവും ഉൾപ്പെടുന്ന ഹൗസ്ബോട്ട് മേഖല നിശ്ചലമായി.
കുട്ടനാട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്പോൾ വിനോദസഞ്ചാരികളുമായുള്ള സവാരിയ്ക്ക സുരക്ഷാ ഭീഷണിയുണ്ടെന്ന തിരിച്ചറിവും ദുരിത ബാധിത മേഖലകളിലൂടെ വിനോദസഞ്ചാരികളുമായി സവാരി നടത്തുന്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളുമാണ് ഹൗസ് ബോട്ടുകളെ പിന്നോട്ടടിച്ചത്.
മഴക്കാലത്തുള്ള ജലയാനങ്ങളുടെ സവാരിക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവരുക കൂടി ചെയ്തതോടെ കുട്ടനാടൻ സൗന്ദര്യം ആസ്വദിക്കുകയെന്ന ലക്ഷ്യം നിറവേറില്ലെന്ന് ബോധ്യമായ വിനോദസഞ്ചാരികൾ പലരും നാട്ടിലേക്ക് മടങ്ങുകയും പലരും ട്രിപ്പ് റദ്ദാക്കുകയുമായിരുന്നു.
തിരുവനന്തപുരത്ത് വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിതയുടെ കൊലപാതകവും, നിപാ വൈറസ് ഭീതിയും, ഹൗസ് ബോട്ട് സമരവും മൂലം മറ്റും പ്രതിസന്ധിയിലായ ഹൗസ് ബോട്ട് മേഖലയക്ക് മണ്‍സൂണ്‍ ടൂറിസത്തിന്റെ തുടക്കത്തിലെ സഞ്ചാരികളുടെ വരവ് വളരെ പ്രതീക്ഷയാണ് നല്‍കിയിരുന്നത്. എന്നാൽ അപ്രതീക്ഷിത വെള്ളപ്പൊക്കം കണക്കൂട്ടൽ തെറ്റിച്ചതോടെ മണ്‍സൂണ്‍ ടൂറിസത്തിലൂടെ വിനോദസഞ്ചാരമേഖലയ്ക്ക് ലഭിക്കേണ്ട വരുമാനത്തിൽ വൻകുറവാണ് ഉണ്ടായിരിക്കുന്നത്.