സ്വന്തം ലേഖകൻ
കാസർഗോഡ്: പഠനം കഴിഞ്ഞാലുടന്‍ പിഎസ്സി കോച്ചിംഗ് സെന്ററിലേയ്ക്ക് വച്ചുപിടിക്കുന്ന ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ പാലക്കാട് എടത്തനാട് സ്വദേശി കാപ്പുങ്ങല്‍ മൻസൂറലി എന്ന ചെറുപ്പക്കാരന്റെ ജീവിതം അറിയണം. ഒരു കോച്ചിംഗ് സെന്ററിലും പോകാതെ സ്വന്തമായി പഠിച്ച് എഴുതിയ 50 പിഎസ്സി പരീക്ഷകളിലെയും റാങ്ക് ലിസ്റ്റിൽ ഇടംനേടിയ ഈ മിടുമിടുക്കന്റെ ജീവിതം യുവാക്കളെ സംബന്ധിച്ചിടത്തോളം ഏറെ പ്രചോദനാത്മകമാണ്.
പത്താംവയസില്‍ ഉമ്മ ആയിഷയും 17-ാം വയസില്‍ ഉപ്പ മുഹമ്മദ്കുട്ടിയും മൻസൂറിനെ വിട്ടുപിരിഞ്ഞു. ഇതോടെ ഒരു ജോലി അത്യാവശ്യമായിരുന്നു. അങ്ങനെ പിഎസ്സി പഠനം തുടങ്ങി. 19-ാം വയസില്‍ ആദ്യമായി എഴുതിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഇടം നേടി.
ട്രെയിനിംഗിന് ചേര്‍ന്നെങ്കിലും അഞ്ചു മാസത്തിനുശേഷം അതുപേക്ഷിച്ചു. ഉയര്‍ന്ന ജോലിക്കായുള്ള പരിശീലനം തുടര്‍ന്നു. ഒപ്പം കോളജ് പഠനവും. മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളജില്‍നിന്ന് ഹിസ്റ്ററിയും ബിരുദവും ബിരുദാനന്തര ബിരുദവും കോഴിക്കോട് ഫറൂഖ് കോളജില്‍നിന്ന് ബിഎഡും നേടി. നെറ്റ്, സെറ്റ്, ടെറ്റ് എന്നിവയും പാസായി. പഠിച്ച കോളജില്‍ രണ്ടു വര്‍ഷവും നെന്മാറ എന്‍എസ്എസ് കോളജില്‍ ഒരു വര്‍ഷവും ഗസ്റ്റ് ലക്ചററായി.
ഇതിനിടെ നിരവധി റാങ്ക് ലിസ്റ്റുകളില്‍ ഇടംനേടി. ഏതു ജോലിക്ക് പോകണമെന്ന് കണ്‍ഫ്യൂഷനായി. അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് പരീക്ഷയില്‍ രണ്ടാംറാങ്കും പോലീസ് സബ് ഇന്‍സ്പെക്ടര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍, ആംഡ് സബ് ഇന്‍സ്പെക്ടര്‍ എന്നിവയില്‍ മൂന്നാം റാങ്കും. ആദ്യ പത്തു റാങ്കില്‍ വന്നത് 12 പിഎസ്സി ടെസ്റ്റുകളില്‍. രണ്ടാം റാങ്ക് കിട്ടിയ ജോലി സ്വീകരിച്ചു. പാലക്കാട് സ്പെഷല്‍ സബ് ജയിലില്‍ അസിസ്റ്റന്റ് ജയിലറായി. പിന്നെ കാക്കി അഴിച്ചില്ല. ഇപ്പോള്‍ കാസര്‍ഗോഡ് ജയില്‍ സൂപ്രണ്ടാണ് ഈ 31കാരൻ. തന്റെ പിഎസ്സി പരീക്ഷണങ്ങൾ ഇപ്പോഴും തുടരുകയാണ് മൻസൂർ.
7500-ലധികം സോള്‍വ്ഡ് ചോദ്യപേപ്പറുകള്‍ റഫര്‍ ചെയ്താണ് തന്റെ പഠനമെന്ന് മൻസൂറലി പറയുന്നു. തന്റെ അനുഭവസന്പത്ത് ചെറുപ്പക്കാര്‍ക്ക് പകരാന്‍ മൻസൂറലിക്ക് ‘പിഎസ് സി ത്രില്ലര്‍’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പുണ്ട്. ലക്ഷത്തിലേറെ പേര് ഫോളോ ചെയ്യുന്ന ഈ ഗ്രൂപ്പ് ഒരു വണ്മാന് ഓണ്‍ലൈന്‍ കോച്ചിംഗ് സെന്ററാണ്. മൻസൂര്‍ അലിയുടെ പിഎസ്സി ട്രിക്കുകള്‍ കണ്ടും കേട്ടും അവര്‍ പഠിക്കുന്നു.
കായികമേഖലയിലും മൻസൂർ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. കോളജ് പഠനകാലത്ത് 12 കിലോമീറ്റര്‍ മാരത്തണില്‍ കാലിക്കട്ട് സര്‍വകലാശാലയ്ക്കുവേണ്ടി ദേശീയതലത്തില്‍ വെങ്കല മെഡലും സംസ്ഥാനതലത്തില്‍ രണ്ടു തവണ സ്വര്‍ണമെഡലും നേടിയിട്ടുണ്ട്.