സ്വന്തം ലേഖകന്‍
കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷ് മരിക്കുന്നതിന് മുന്‍പ് ക്രൂരമായി മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പുറമേ മുറിവുകള്‍ പ്രകടമല്ലെങ്കിലും തുടയിലും മൂക്കിനുള്ളിലും മുറിവേറ്റിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായി അന്വേഷണസംഘം അറിയിച്ചു.
അതേസമയം ഈ മുറിവുകള്‍ മരണത്തിന് കാരണമായതല്ല. തൂങ്ങിയതിനെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് മരണത്തിലേക്ക് എത്തിച്ചതെന്നും അതിനാല്‍ രതീഷിന്റേത് തൂങ്ങി മരണം തന്നെയാവാനുള്ള സാധ്യതയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘം മുമ്പാകെ ലഭിക്കുന്നത്.
ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ടുകൂടി ലഭിക്കണം
രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ആദ്യഘട്ടത്തില്‍ തന്നെ കേസന്വേഷിച്ചിരുന്ന ലോക്കല്‍ പോലീസിനോട് പറഞ്ഞിരുന്നത്.
തുടര്‍ന്ന് പരിക്കേറ്റ അവയവങ്ങള്‍ റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയക്കുകയും ചെയ്തു. ഇതിന്റെ പരിശോധനാ ഫലം ഇതുവരേയും ലഭിച്ചിട്ടില്ല.
മന്‍സൂറിനെ കൊലപ്പെടുത്തിയ ദിവസം സംഭവസ്ഥലത്ത് വച്ച് സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തിനിടെയാണ് രതീഷിന് മര്‍ദനമേറ്റതെന്നാണ് അന്വേഷണസംഘം കരുതുന്നത്.
മന്‍സൂറിനെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നവരേയും മന്‍സൂറിന്റെ സഹോദരനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച മൊഴിയിലും രതീഷിന് മര്‍ദനമേറ്റിരുന്നതായി പറയുന്നുണ്ട്.
അതേസമയം ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ടുകൂടി ലഭിച്ച ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തുമെന്ന് കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു.
54 പേരെ ചോദ്യം ചെയ്തു
രതീഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇതുവരെ 54 പേരെയാണ് ചോദ്യം ചെയ്തത് . രതീഷിനൊപ്പം താമസിച്ച മന്‍സൂര്‍ വധക്കേസിലെ രണ്ടുപേരേയും ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവരുമുള്‍പ്പെടെ പാനൂര്‍-വളയം മേഖലകളിലുള്ളവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഇതുവരേയും ചോദ്യം ചെയ്തത്.
എന്നാല്‍ രതീഷിന്റേത് ആത്മഹത്യയാണെന്നതിലേക്ക് എത്തുന്ന യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ മാസം ഒന്‍പതിനാണ് രതീഷിനെ ചെക്യാട് അരൂണ്ടയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസ് ആദ്യം ലോക്കല്‍ പോലീസായിരുന്നു അന്വേഷിച്ചത്. വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.