തലശേരി: മുസ്ലിംലീഗ് പ്രവർത്തകൻ പുല്ലൂക്കര മുക്കിൽ പീടിക പാറാൽ വീട്ടിൽ മൻസൂർ വധക്കേസിൽ അറസ്റ്റിലായ പ്രശോഭാണ് ബോംബ് എത്തിച്ചു കൊടുത്തതെന്ന് പോലീസ്. സിപിഎം പ്രവർത്തകൻ തൃപ്രങ്ങോട്ടൂർ ആനകെട്ടിയ പറമ്പിൽ പ്രശോഭിനെയാണ് (36) ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. വിക്രമനും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ വാളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രശോഭിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
മൻസൂർ വധക്കേസിൽ ഇതുവരെ ഒമ്പത് പേർ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ പ്രതികളിൽ നിന്നു കണ്ടെടുത്ത എട്ട് മൊബൈലുകളിലെ ഡാറ്റാ വിദഗ്ധ സംഘം പരിശോധിച്ചു വരികയാണ്.
കേസിലെ മുഖ്യ സൂത്രധാരകൻ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സുഹൈൽ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇയാൾ നടത്തിയിട്ടുള്ള ആസൂത്രിത നീക്കങ്ങളുടെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടയിൽ പ്രതിപ്പട്ടികയിലുള്ള സിപിഎം നേതാവിന്റെ വീട്ടിലെ വാഹനങ്ങൾ കത്തിച്ചത് പോലീസ് ഗൗരവമായാണ് കാണുന്നത്.
അക്രമങ്ങളിലൂടെ അന്വേഷണ സംഘത്തെ സമർദത്തിലാക്കാനുള്ള നീക്കമാണ് തീ വയ്പിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
എന്നാൽ ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.ഏപ്രിൽ ആറിന് രാത്രി എട്ടരയോടെയാണ് മൻസൂർ കൊല്ലപ്പെട്ടത്.