തൃഷയ്ക്കെതിരെ നടൻ മൻസൂർ അലി ഖാൻ രംഗത്ത്. തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകി മൻസൂർ അലി ഖാൻ. സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും തനിക്ക് നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നുമാണ് നടന്റെ ആവശ്യം. ചെന്നൈ കോടതിയിലാണ് മൻസൂർ അലി ഖാൻ കേസ് ഫയൽ ചെയ്തത്.
താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് ഹർജിയിലെ ആരോപണം. ലിയോ സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു മൻസൂർ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമർശം.
ലിയോയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കൊപ്പം ഒരു ബെഡ്റൂം സീൻ എങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു മൻസൂർ പറഞ്ഞത്. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചത് എന്നാൽ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലും സാധിച്ചില്ലെന്നും നടൻ പറഞ്ഞു.
തൃഷയ്ക്കെതിരെ താൻ അഭിനയിച്ച നെഗറ്റീവ് കഥാപാത്രങ്ങളെക്കുറിച്ചാണ് അഭിപ്രായം പറഞ്ഞതെന്നും വ്യക്തിപരമായ അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
നടന്റെ പരാമർശത്തിനെതിരെ തൃഷ രംഗത്തെത്തിയിരുന്നു. മൻസൂർ അലി ഖാനെ പോലെ ദുർ ചിന്തയുള്ളവർ മനുഷ്യരാശിക്കു പോലും അപമാനകരമാണെന്നും ഇനി മേലാൽ അയാൾക്കൊപ്പം അഭിനയിക്കില്ലെന്നും തൃഷ പറഞ്ഞു. ഇവരെ കൂടാതെ നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവരും മൻസൂറിനെതിരെ പ്രതികരണം അറിയിച്ചിരുന്നു.
വിവാദത്തിനു ശേഷം തൃഷയോട് പരസ്യമായി മൻസൂർ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാനനഷ്ടക്കേസുമായി അദ്ദേഹം ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്.