തൃഷയെക്കുറിച്ച് നടന് മന്‍സൂര്‍ അലി ഖാന് നടത്തിയ വിവാദ പരാമർശം അടുത്തയിടെ തെന്നിന്ത്യയിലെ ചൂടേറിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ വിവാദം കനത്തപ്പോള്‍ തൃഷയോട് മൻസൂർ അലി ഖാൻ മാപ്പ് പറയുകയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നു.
മന്‍സൂര്‍ അലി ഖാനെതിരേ പോലീസ് നടപടി വേണ്ടെന്ന് തൃഷ പറഞ്ഞിരിക്കുകയാണ്. മൻസൂർ അലി ഖാന് മാപ്പ് പറഞ്ഞ സാഹചര്യം പരിഗണിക്കണം എന്ന് നടി തമിഴ്നാട് പോലീസിനെ അറിയിച്ചുവെന്നാണ് വിവരം. നേരത്തെ തൃഷയ്ക്ക് പോ ലീസ് കത്ത് നല്‍കിയിരുന്നു. അതിന് മറുപടിയായാണ് തൃഷയുടെ പ്രതികരണം.
തൃഷയോട് മാപ്പ് പറഞ്ഞ് ദിവസങ്ങൾക്കുശേഷം തൃഷയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും മന്‍സൂര്‍ അലി ഖാന് പറഞ്ഞിരുന്നു. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് തൃഷയ്ക്കെതിരേ അധികം വൈകാതെ കേസ് ഫയൽ ചെയ്യുമെന്ന് മന്‍സൂര്‍ അലി ഖാന് പറഞ്ഞത്.
ഈ സാപചര്യത്തിൽ കൂടുതല്‍ സമയം കളയേണ്ടതില്ലെന്ന നിലപാടാണ് തൃഷയ്ക്ക് എന്നാണ് അവരുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.
സ്ത്രീവിരുദ്ധ പരാമർശത്തിൽ മൻസൂൺ അലി ഖാനെതിരേ പോലീസ് കേസെടുത്തിരുന്നു. എഫ്ഐആര്‍ ഇട്ട കേസ് പോലീസ് പിന്‍വലിക്കുമോ എന്ന് വ്യക്തമല്ല.
വിവാദ പരാമർശമുണ്ടായതിന് പിന്നാലെ താൻ എന്താണ് തെറ്റ് ചെയ്തതെന്നും മാപ്പ് പറയേണ്ടതായോ ഖേദം പ്രകടിപ്പിക്കേണ്ടതായോ കാര്യമില്ലെന്നുമായിരുന്നു മൻസൂർ അലി ഖാന്റെ ആദ്യ നിലപാട്. അതിന് പിന്നാലെ മന്‍സൂര്‍ അലി ഖാനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
പിന്നാലെ കോടതിയിൽ നിന്നുള്ള വിമർശനവും വന്നു. പോലീസിന് മുന്നിലെത്തി മൊഴി നൽകിയശേഷമാണ് വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു മൻസൂർ അലി ഖാൻ രംഗത്തെത്തിയത്. സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. ഇതിൽ താൻ പരസ്യമായി മാപ്പ് പറയുന്നു എന്നാണ് മൻസൂർ അലി ഖാൻ പറയുന്നത്. ഈ മാപ്പ് തൃഷ് അംഗീകരിക്കുകയും ചെയ്തിരുന്നു.
ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിലാണ് തൃഷയ്ക്കെതിരേ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്. മുന്‍പ് സിനിമകിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നതുപോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായെന്നും ആയിരുന്നു മൻസൂർ പറഞ്ഞിരുന്നത്.
ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന് എത്തിയത്.