ഗോളടിക്കുന്ന ഗോളിമാരെ ഫുട്ബോൾ ലോകം കണ്ടിട്ടുണ്ട്. ബ്രസീലിന്റെ റോഹേരിയോ സെനി, പാരഗ്വേയുടെ ലൂയിസ് ചിലാവർട്ട്, മെക്സിക്കോയുടെ ഹൊർഹെ കാന്പസ്, ബൾഗേറിയയുടെ ദിമിതർ ഇവാൻകോവ്, കൊളംബിയയുടെ റെനെ ഹിഗ്വിറ്റ തുടങ്ങിയവരെല്ലാം ആ പട്ടികയിൽ ചരിത്രം കുറിച്ചവർ.
എന്നാൽ, ഗോളടിച്ച് മാത്രം കണ്ടിട്ടുള്ള ക്രൊയേഷ്യയുടെ മാരിയോ മാൻസുകിച്ച് ഗ്ലൗസ് അണിഞ്ഞ് ഗോൾ വലയ്ക്കു മുന്നിൽ എത്തിയാൽ എങ്ങനെയിരിക്കും. ആ അപൂർവ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം റഷ്യയിൽ കണ്ടത്. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിപോരാട്ടത്തിനു മുന്പുള്ള പരിശീലന സമയത്തായിരുന്നു മാൻസുകിച്ച് ഗോൾ വലയ്ക്കു മുന്നിലെത്തിയത്.
ക്രൊയേഷ്യക്ക് വലകാക്കാൻ രഹസ്യായുധം എന്ന രീതിയിലാണ് മാൻസുകിച്ചിന്റെ ചിത്രം ഉൾപ്പെടെ പ്രചരിക്കപ്പെട്ടത്. വെറുതേ ഗ്ലൗസ് അണിഞ്ഞെത്തുകമാത്രമല്ല ഈ സ്ട്രൈക്കർ ചെയ്തത്. ഉജ്വലമായ സേവുകളും നടത്തി. റഷ്യക്കെതിരായ ക്വാർട്ടർ പോരാട്ടത്തിനിടെ ക്രൊയേഷ്യയുടെ ഒന്നാം നന്പർ ഗോളിയായ സുബാസിച്ചിന് പരിക്കേറ്റിരുന്നു.
മുപ്പത്തിരണ്ടുകാരനായ മാൻസുകിച്ച് 2007 മുതൽ ക്രൊയേഷ്യൻ ടീമിലുണ്ട്. 87 രാജ്യാന്തര മത്സരങ്ങളിൽനിന്നായി 31 ഗോളും നേടിയിട്ടുണ്ട്. 1991 മുതൽ ആരംഭിച്ച യൂഗോസ്ലാവ് യുദ്ധത്തെത്തുടർന്ന് ജർമനിയിലേക്ക് കുടിയേറിയതാണ് മാൻസുകിച്ചിന്റെ കുടുംബം. അതുകൊണ്ടുതന്നെ ജർമനിയിലെ ക്ലബ്ബിലൂടെയാണ് ഈ താരം ഫുട്ബോൾ തട്ടിത്തുടങ്ങിയത്. ക്രൊയേഷ്യ സ്വതന്ത്ര്യ റിപ്പബ്ലിക് ആയതോടെ മാൻസുകിച്ചിന്റെ കുടുംബം ജന്മദേശത്തേക്ക് മടങ്ങിയെത്തി.