സ്വന്തം ലേഖകൻ
തൃശൂർ: അവകാശത്തർക്കത്തിന്റെ പേരിൽ കല്ലേറും അക്രമവും ഉണ്ടായ മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ സംഘർഷത്തിനു താത്കാലിക ശമനം. കളക്ടറുടെ നിർദേശപ്രകാരം യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ പള്ളിയിൽനിന്നു പിന്മാറിയതോടെ പള്ളി താഴിട്ട് പൂട്ടി.
ഇരുവിഭാഗത്തിന്റെയും പ്രതിനിധികളെ വിളിച്ചുകൂട്ടിയ അനുരഞ്ജന ചർച്ചയിലാണ് ജില്ലാ കളക്ടർ ടി.വി. അനുപമ പള്ളിക്കകത്തു തന്പടിച്ചിരുന്ന യാക്കോബായ വിഭാഗത്തോടും പള്ളിമുറ്റത്തു കുത്തിയിരിപ്പുസമരം നടത്തിയിരുന്ന ഓർത്തഡോക്സ് വിഭാഗത്തോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്.
പള്ളിക്കകത്തുണ്ടായ യാക്കോബായ വിഭാഗം ആദ്യഘട്ടത്തിൽ പിരിഞ്ഞുപോകാൻ തയാറായില്ലെങ്കിലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ടിവരുമെന്നു പോലീസ് അറിയിച്ചതോടെ വഴങ്ങുകയായിരുന്നു. തുടർന്ന് വൈകീട്ട് നാലോടെയാണ് പള്ളി അടച്ചത്.
അതേസമയം, വ്യാഴാഴ്ച രാത്രി ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായ സംഭവത്തിൽ 45 പേരെ ഒല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തു. 120 പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഓർത്തഡോക്സ് വിഭാഗം തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസാണ് ഒന്നാം പ്രതി. കസ്റ്റഡിയിൽ എടുത്തവരിൽ വൈദികരും ഉൾപ്പെടുന്നുണ്ട്.