തൃശൂർ: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ക്രമസമാധാനം ലംഘിക്കുന്ന നടപടികൾ ആരു സ്വീകരിച്ചാലും നടപടിയെടുക്കുമെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ പറഞ്ഞു. ഇരുവിഭാഗം പ്രതിനിധികളെയും പ്രത്യേകം വിളിച്ച് ഇന്നലെ കളക്ടറുടെ ചേംബറിൽ ചർച്ച നടത്തിയിരുന്നു.
താത്കാലിക പരിഹാരമെന്ന നിലയ്ക്കു പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിഭാഗം വിശ്വാസികൾ പുറത്തിറങ്ങി പള്ളി പൂട്ടി താക്കോൽ അവർ തന്നെ സൂക്ഷിക്കാൻ തയാറായിട്ടുണ്ട്. ഹൈക്കോടതി അപ്പീലിൽ തീരുമാനമാകുന്നതുവരെ പളളിയിലോ, പരിസരങ്ങളിലോ പ്രവേശിക്കില്ലെന്ന ഉറപ്പ് ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ നൽകി.
ഇരുവിഭാഗവും ഈ വ്യവസ്ഥകൾ അംഗീകരിച്ച് ഒപ്പുവച്ചിട്ടുണ്ടെന്നു കളക്ടർ പറഞ്ഞു. ഭരണകാര്യങ്ങളിൽനിന്നും ആരാധനകളിൽനിന്നും വിട്ടുനിൽക്കുന്നതിനെക്കുറിച്ചും ഞായറാഴ്ചയിലെ ആരാധന സംബന്ധിച്ചുമുള്ള തീരുമാനവും യാക്കോബായ വിഭാഗം ഇന്ന് ഉച്ചയ്ക്കു രണ്ടിനു മുന്പ് കളക്ടറെ രേഖാമൂലം അറിയിക്കും.
സമാധാന അന്തരീക്ഷം തകർക്കുന്ന നടപടികൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നു ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ പോലീസ് മേധാവി, സീനിയർ ഗവ. പ്ലീഡർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തിരുന്നു.