തിരുവില്വാമല: കേരളപ്പിറവിയുടെ അന്‍പതാം വാർഷികത്തോടനുബന്ധിച്ച് തിരുവില്വാമലയിൽ സർക്കാർ നടപ്പാക്കിയ മാന്തോപ്പ് പദ്ധതി വ്യാഴവട്ടം കഴിഞ്ഞിട്ടും പച്ചപിടിച്ചിട്ടില്ല. ഇന്ന് കേരളപ്പിറവി ആഘോഷിക്കുന്പോൾ ശൈശവാവസ്ഥയിൽ തളിരിടാതെ പൂക്കാതെ മുരടിച്ചു നിൽക്കുന്നു.
കൊടകര സ്വദേശി എം.മോഹൻദാസാണ് 50 മാവിൻതൈകൾ മാന്തോപ്പിന്റെ ഉദ്ഘാടനത്തിന് നടാനായി നൽകിയത്. മൊത്തം നാനൂറോളം തൈകൾ മലാറ മാന്തോപ്പ് പദ്ധതിയിലെ പത്ത് ഏക്കർ സർക്കാർ ഭൂമിയിൽ നട്ടെങ്കിലും അവയിൽ മിക്കതും സംരക്ഷിക്കാനാളില്ലാതെ കന്നുകാലികൾ കയറി നശിപ്പിച്ചു.
പിന്നീട് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് മാന്തോപ്പിനു ചുറ്റും വേലി കെട്ടിയെങ്കിലും പിന്നീടാരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല. മാന്തോപ്പിനകത്ത് മലാറ മാന്തോപ്പ് റിസപ് ഷൻ കം ടോയ്ലറ്റ് ബ്ലോക്കിനുവേണ്ടി നിർമിച്ച കെട്ടിടം സാമൂഹ്യവിരുദ്ധരുടെയും മദ്യപരുടെയും കേന്ദ്രമായി മാറി.
ഈ കെട്ടിടവും പരിസരവും മദ്യത്തിന്റെയും വെള്ളത്തിന്റെയും കുപ്പികൾ നിറഞ്ഞു കിടക്കുകയാണ്. പദ്ധതിയുടെ ആദ്യ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത് സോ ഷ്യൽ ഫോറസ്ട്രിയാണ്. പിന്നീട് ടൂറിസം വകുപ്പിനു കൈമാറിയിരുന്നു.
പക്ഷെ ഇപ്പോൾ മാന്തോപ്പ് അനാഥമായി കിടക്കുകയാണ്. ടൂറിസം അധികൃതർക്കു ചെയ്യാൻ ഒരുപാട് കാര്യങ്ങൾ തിരുവില്വാമലയിൽ ഉണ്ടായിട്ടും അവർ അതിലേക്കൊന്നും ശ്രദ്ധ കൊടുക്കുന്നില്ല. ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിൽ സമീപത്തെ പിൽഗ്രീം ഫെസിലിറ്റേഷൻ സെന്റർ ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികളുടെ അവസ്ഥ തന്നെയാണ് മാന്തോപ്പ് പദ്ധതിക്കും.
കേരളപ്പിറവിയുടെ അന്‍പതാം വർഷത്തിൽ തുടങ്ങിയ പദ്ധതി അറുപത്തിരണ്ടാം വർഷത്തിലും പൂത്തിട്ടില്ല. ഈ പദ്ധതി എന്ന് പൂവിടുമെന്നും അറിയില്ല. കേരളപ്പറവി സുവർണ ജൂബിലി സ് മാരകമായി ജില്ലയ്ക്ക് സർക്കാർ അനുവദിച്ചതാണു നാടൻ മാന്തോപ്പ് പദ്ധതി. കവയത്രി സുഗതകുമാരിയുടെ ആശയമാണ് നാടൻ മാന്തോപ്പ് പദ്ധതി.