നാദാപുരം: രണ്ടാം വിവാഹം വൈകുന്നത് ഒഴിവാക്കാൻ നടത്തിയ മന്ത്രവാദത്തിനിടെ യുവതിക്ക് പൊള്ളലേറ്റ സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നെന്ന് വ്യക്തമായി. പുറമേരി മാളുമുക്കിലെ വാടക വീട്ടിലാണ് കുറ്റ്യാടി അടുക്കത്ത് സ്വദേശിനി കൂവ്വോട്ട് പൊയിൽ നജ്മ(35)മന്ത്രവാദം നടത്തിയത്. കോഴിക്കോട് സ്വദേശിനി വെള്ളയിൽ പുതിയകടവിൽ ലൈലാമൻസിൽ ഷമീന(29)യ്ക്കാണ് കഴിഞ്ഞ ദിവസം മന്ത്രവാദത്തിനിടയിൽ ഗുരുതരമായി പൊള്ളലേറ്റത്. കോഴിക്കോട് സ്വകാര്യാശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന യുവതിയെ ഇന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിനുശേഷം വീട്ടിനുള്ളിൽ തെളിവ് നശിപ്പിക്കാൻ ബോധപൂർവ ശ്രമം നടന്നതായി പോലീസ് പരിശോധനയിൽ വ്യക്തമായി. മുറി കഴുകി വൃത്തിയാക്കുകയും, വൈറ്റ് വാഷ് ചെയ്യുകയുമുണ്ടായി. കർമ്മം നടന്ന മുറി കഴുകിവൃത്തിയാക്കുകയും ചെയ്തു. എന്നാൽ പുറത്ത് ചുമർ കരിപിടിച്ച നിലയിലാണ്. തീപിടിത്തത്തിൽ മുറിയുടെ മച്ചിലെ വയറിംഗ് അടക്കം കത്തി ചാന്പലായി.
കാടുപിടിച്ച് കിടക്കുന്ന പറന്പിൽ അവിടവിടെയായി എന്തോക്കെയോ കൂട്ടിയിട്ട് കത്തിച്ചതായി കാണുന്നുണ്ട്. പൊള്ളലേറ്റ ശേഷം യുവതിയെ കുളിമുറിയിലെത്തിച്ച് കഴുകി ശരീരത്തിൽ ഒട്ടിപ്പിടിച്ച വസ്ത്ര ഭാഗങ്ങൾ നീക്കം ചെയ്യുകയും വീടിന് പിൻ ഭാഗത്തെ പറന്പിലിട്ട് കത്തിക്കുകയും ചെയ്തു. ഇതിന്റെ അവശിഷ്ടങ്ങൾ പോലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. കൂടാതെ കത്തിക്കരിഞ്ഞ മുടിയും പോലീസ് പറന്പിൽനിന്ന് കണ്ടെത്തി. ജിന്നിനെ ഒഴിവാക്കാനുള്ള മന്ത്രമെന്ന പേരിൽ പെട്രോൾ ഉപയോഗിച്ചാണ് കർമ്മം നടത്തിയത്. പെട്രോളിന് തീ പിടിച്ച് വസ്ത്രത്തിലേക്ക് പടരുകയായിരുന്നു. മണ്ണെണ്ണയ്ക്ക് പകരമായി പെട്രോളായിരുന്നു ഉപയോഗിച്ചത്. മണ്പാത്രത്തിലേക്ക് തീ പടർന്നപ്പോൾ സമീപത്തുണ്ടായിരുന്ന പെട്രോൾ കുപ്പിയിലേക്കും പടർന്ന് സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിന്റെ മുൻ ഭാഗം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്ന് നജ്മ തന്നെ പോലീസിന്് മൊഴി നൽകി.
ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവം പരിസരവാസികളറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പോലീസ് എത്തിയപ്പോഴാണ് മന്ത്രവാദക്കഥ നാട്ടുകാർ അറിയുന്നത്. വാടകയ്ക്ക് താമസിക്കുന്നതും ചിലർ വന്നു പോകുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ബന്ധുക്കളെന്നായിരുന്നു കരുതിയത്. രാത്രികാലങ്ങളിലാണ് പലരും വന്നുപോയിരുന്നത്. ഇവർക്ക് കൂട്ടിന് വേറെ ആരെങ്കിലുമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നും മറ്റും പലരും എത്തിയതായും പോലീസ് കണ്ടെത്തി. വധോദ്യമ കേസുകൾ ഉൾപ്പെടുത്തിയാണ് പോലീസ് നജ്മയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് എസ്ഐ കെ.പി.അഭിലാഷ് പറഞ്ഞു.