ചേര്‍ത്തല: അന്ധവിശ്വാസത്തിനെതിരേ സംസ്ഥാനത്ത് ഉടന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍-സിഐടിയു സംസ്ഥാന സമ്മേളനം ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മതവിശ്വാസിയാകുന്നു എന്നുള്ളത് ഒരു അന്ധവിശ്വാസമായി കാണാനാവില്ല. എന്നാല്‍, ഇതിന്റെ പേരില്‍ നാടിനും സമൂഹത്തിനും ചേരാത്ത രീതിയില്‍ നടത്തുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നത്.
നവോത്ഥാനത്തിന്റെ ഭാഗമായി പല അന്ധവിശ്വാസങ്ങളും ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്ധവിശ്വാസത്തിനെതിരേ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമ്പോള്‍ അത് മതവിശ്വാസത്തിനെതിരെയാണോ എന്ന ആശങ്ക വേണ്ട.
അന്ധവിശ്വാസത്തിനെതിരേ നിയമം കൊണ്ടുവന്നാലും സര്‍ക്കാരിന് ചില പരിമിതികളുണ്ട്. അതുകൊണ്ട് അന്ധവിശ്വാസത്തിനെതിരേ സമൂഹം ഒന്നടങ്കം ഉയര്‍ന്നുവരണം.
സംസ്ഥാനത്തെ വിദ്യാഭ്യാസം പുരോഗതിയിലാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് വന്‍ മുന്നേറ്റം കൊണ്ടുവരും. എന്നാല്‍, സര്‍വകലാശാലകളെക്കുറിച്ച് ചിലര്‍ ഇടപെടുന്നുണ്ട്.
സര്‍ക്കാര്‍ ഈ മേഖലയില്‍ ഇടപെടുമ്പോള്‍ ചില പിപ്പിടികള്‍ വരും. അത് സര്‍ക്കാര്‍ കാര്യമാക്കുന്നില്ല.ചേര്‍ത്തല ദേവീക്ഷേത്രമൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ കയര്‍ സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് അധ്യക്ഷനായി.
വ്യവസായ-കയര്‍വകുപ്പു മന്ത്രി പി. രാജീവ്, ആര്. നാസര്‍, സി.ബി. ചന്ദ്രബാബു, എ.എം. ആരിഫ് എംപി, എംഎല്‍എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്, ദലീമ തുടങ്ങിയവര്‍ പങ്കെടുത്തു.