ചേർത്തല: ജോലിക്കായി മന്ത്രവാദം നടത്തി ചേർത്തല കളവംകോടം സ്വദേശിനിയായ യുവതിയിൽ നിന്നു പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച് ഒളിവിൽ പോയ ദമ്പതികൾ 12 വർഷത്തിനുശേഷം പിടിയിൽ. കുത്തിയതോട് കരോട്ടുപറമ്പിൽ സതീശൻ (48), ഭാര്യ തൃശൂർ മേലൂർ അയ്യൻപറമ്പിൽ വീട്ടിൽ പ്രസീത (44) എന്നിവരെയാണ് ചേർത്തല പോലീസ് പിടികൂടിയത്.
തൃപ്പൂണിതുറയിൽ നിന്നുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കളവംകോടം സ്വദേശിനിയായ യുവതിയെ സമീപിച്ചശേഷം പെട്ടെന്ന് ജോലി കിട്ടുമെന്നും, അതിലേക്കായി 32,500 രൂപ അടുക്കളയിൽ സൂക്ഷിക്കണമെന്നും 35,000 രൂപ കട്ടിലിന്റെ കാലിൽ കെട്ടി വയ്ക്കണമെന്നും 15,000 രൂപ വില വരുന്ന സ്വർണ താലിയും ലോക്കറ്റും അലമാരയ്ക്കുള്ളിൽ സൂക്ഷിക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
അതനുസരിച്ച് പ്രതികൾ കൊണ്ടുവന്ന ചുവന്ന പട്ടുതുണികളിൽ പൊതിഞ്ഞ് പണവും സ്വർണാഭരണങ്ങളും വീട്ടിലെ പല ഭാഗങ്ങളിലായി സൂക്ഷിക്കുകയും തുടർന്ന് രണ്ടുതവണകളായി ആറ് ദിവസത്തോളം പരാതിക്കാരിയുടെ വീട്ടിൽ താമസിച്ച ശേഷം ദമ്പതികൾ തന്ത്രപൂർവം സ്വർണവും പണവും കവര്‍ന്നെടുത്തു.
തട്ടിപ്പ് മനസിലാക്കിയ യുവതി ചേർത്തല പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. ഇതെ തുടർന്ന് അന്വേഷണം നടത്തി ഒന്നാം പ്രതിയായ സതീശനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇയാളുടെ ഭാര്യ ഒളിവിൽ പോയിരുന്നു.
ഈ കേസിലെ കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങിയെങ്കിലും പ്രതികൾ കോടതിയിൽ ഹാജരാവാത്തതിനെത്തുടർന്ന് ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിചാരണ നടപടികൾ തടസപ്പെട്ട കേസുകളിലെ പത്രികളെ കണ്ടെത്തുന്നതിനായി ചേർത്തല എഎസ്പി ഹരീഷ് ജെയിന്റെ നേത്യത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.