പത്തനംതിട്ട: പൂജനടത്തി, കാന്‍സര്‍ ഭേദമാക്കാമെന് വിശ്വസിപ്പിച്ച് നാലുലക്ഷം രൂപ വാങ്ങി തട്ടിപ്പുനടത്തിയ മന്ത്രവാദിയെ പിടികൂടി.
തണ്ണിത്തോട് തേക്കുതോട് സ്വദേശി കാന്നി മഞ്ഞക്കടമ്പ് മാടത്തേത്ത് താമസിച്ചുവരുന്ന ബാലനാ(53)ണ് കോന്നി പോലീസിന്റെ പിടിയിലായത്.
ഐരവണ്‍ സ്വദേശിനിയെയാണ് ഇയാള്‍ പറഞ്ഞുവിശ്വസിപ്പിച്ച ശേഷം പണം തട്ടി പറ്റിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ബാലന്റെ വീട്ടില്‍ വച്ച് പൂജകള്‍ നടത്തിയത്.
തുടര്‍ന്ന്, ഇയാള്‍ നാലു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. അസുഖം ഭേദമാകാത്തതിനാല്‍ ഇവര്‍ പണം തിരികെ ചോദിച്ചപ്പോള്‍, മന്ത്രവാദം നടത്തി ശരീരം തളര്‍ത്തിക്കളയുമെന്ന് ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
സുഖമില്ലാതെ വീട്ടില്‍ കഴിഞ്ഞുവന്ന സ്ത്രീയുടെ പരാതി പ്രകാരം, കോന്നി പോലീസ് വീട്ടിലെത്തി വിശദമായ മൊഴിവാങ്ങി കേസെടുക്കുകയായിരുന്നു.
വിശ്വാസവഞ്ചനയ്ക്കും ആഭിചാരക്രിയ നടത്തി കബളിപ്പിച്ചതിനുമാണ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശത്തെതുടര്‍ന്ന്, കോന്നി ഡിവൈഎസ്പി കെ. ബൈജുകുമാറിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും, പ്രതിയെ പിടികൂടുകയും ചെയ്തു.
ബാലന്റെ താമസസ്ഥലത്തുനിന്നും പൂജകള്‍ നടത്താനുപയോഗിച്ച സാധനങ്ങള്‍ ബന്തവസിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമനടപടികള്‍ തുടരാന്‍ കര്‍ശനനിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പോലീസ് ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്ഐ സജു ഏബ്രഹാം, എഎസ്ഐ റോയ് മോന് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.