നകഷിപ്പര: ദുർമന്ത്രവാദത്തിനു വിധേയനായ പത്തു വയസുകാരൻ മരിച്ചു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണു സംഭവം. ജൻ നബി ഷെയ്ക് എന്ന ബാലനാണു മരിച്ചത്. നബിയുടെ സഹോദരൻ ആറു വയസുകാരൻ ജഹാംഗിർ ഷെയ്കും ദുർമന്ത്രവാദത്തിനു വിധേയനായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
നബിയുടെ മാതാവ് അർഫിന ബീബിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ദുർമന്ത്രവാദം നടത്തിയ അൽപന ബീബി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. കാന്തൽഭേരിയ സ്വദേശിയാണ് ഇവർ.അസുഖം ബാധിച്ചതിനെ തുടർന്ന് ഈ മാസം 22-ന് അർഫിന ബീബിയും ഭർത്താവ് ഹലാദർ ഷെയ്കും ചേർന്നാണു കുട്ടികളെ ദുർമന്ത്രവാദിനിയായ അൽപന ബീബീയുടെ അടുക്കലെത്തിച്ചത്.
ചികിത്സ തേടിയായിരുന്നു ഇവരുടെ സന്ദർശനം. ഇതിനുശേഷം മാതാപിതാക്കൾ മടങ്ങി. മൂന്നു ദിവസത്തിനുശേഷം അർഫിന ബീബി കുട്ടികളെ സന്ദർശിക്കാൻ എത്തിയപ്പോൾ കുട്ടിയുടെ പുറത്തു തിളച്ച എണ്ണ, നെയ്യ്, മുളകുപൊടി എന്നി പ്രയോഗിച്ചതിന്റെ പാടുകൾ കണ്ടെത്തി.
ഇതേതുടർന്നു മാതാവ് കുട്ടികളെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, കുട്ടികളെ വിട്ടുനൽകാൻ 10,500 രൂപ വേണമെന്നു അൽപന ബീബി ആവശ്യപ്പെട്ടു. ഇതേതുടർന്നു പണം സംഘടിപ്പിക്കുന്നതിനായി മാതാവ് വീട്ടിലേക്കു പോയി. തിരിച്ചെത്തിയപ്പോൾ അൽപന ബീബി കുട്ടിയുടെ മൃതദേഹമാണു മാതാവിനു നൽകിയത്.
കുട്ടി മരിച്ച വിവരം പുറത്തുപറയാതിരിക്കാൻ ഇവർ 4000 രൂപ വാഗ്ദാനം ചെയ്തെന്നും മാതാവ് ആരോപിച്ചു.ഉടൻതന്നെ കുട്ടികളെ മാതാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നബി മരിച്ചിരുന്നു. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് അൽപന ബീബിയെ അറസ്റ്റ് ചെയ്തത്.