തേനി: തമിഴ്നാട്ടിലെ തേനിക്ക് സമീപം ഉത്തമപാളയത്ത് ആന്തരിക അവയവങ്ങളുടെ മാംസവുമായി മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ. ഇവർക്ക് ഇത് കൈമാറിയ പത്തനംതിട്ട സ്വദേശിയും പിടിയിലായി.
ഉത്തമപാളയത്തു സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വാഹനം പോലീസ് പരിശോധിച്ചപ്പോൾ പെട്ടിയിൽ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിംഗ്, മുരുകൻ എന്നിവരാണ് കസ്റ്റഡിയിലായത്.
പൂജയ്ക്കുശേഷമെത്തിച്ച മനുഷ്യന്റെ അവയവ ഭാഗങ്ങളാണെന്നും ഇവ വീട്ടിൽ വച്ചാൽ സമ്പത്ത് കൈവരുമെന്നും പറഞ്ഞ് പത്തനംതിട്ട സ്വദേശിയാണിത് കൈമാറിയതെന്നാണ് വാഹനത്തിനുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞത്. വണ്ടിപ്പെരിയാറിൽ വച്ചാണ് കൈമാറിയതെന്നും പറഞ്ഞു.
തുടർന്ന് പത്തനംതിട്ട പുളിക്കീഴ് പോലീസിന്റെ സഹായത്തോടെ ചെല്ലപ്പൻ എന്നയാളെ കസ്റ്റഡിയിലെടുത്തു. മാംസഭാഗങ്ങൾ മനുഷ്യന്റേതാണോ അതോ മറ്റേതെങ്കിലും മൃഗങ്ങളുടേതാണോയെന്ന് സ്ഥിരീകരിക്കാൻ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.